Thursday, July 26, 2012

ധ്യാനജാഗരം

പ്രസവിക്കാറായ ഒരു പെണ്ണിന്‍റെയത്ര സൂക്ഷ്മത മറ്റാര്‍ക്കുമില്ല.
ഓരോരോന്നിലും ജാഗ്രതയാണ്‌.

വെള്ള മുണ്ട് കീറുന്ന ഒച്ച
വക്ക് മടക്കി ഓരോ ചെറുതുന്നലും
കഴുകിമടക്കി വയ്ക്കുന്ന ഓരോരോന്ന്
അടുക്കിക്കെട്ടി ഒരുക്കുന്ന സഞ്ചി
തൊട്ടില്‍പ്പരുവത്തില്‍ കുഴയുള്ള മുറിയുടെ മൂല

ഒന്നും വിട്ടുപോകാതെ പൂരിപ്പിച്ച്
പരീക്ഷയ്ക്കൊരുങ്ങുന്നു.

പാട്ട് കേള്‍ക്കുമ്പോള്‍ നീയും കേള്‍ക്കുന്നോ എന്ന്
മിണ്ടുമ്പോള്‍ നീ മറുപടി പറയുന്നോയെന്ന്
ഉണ്ണുമ്പോള്‍ ഉണ്ണിവയര്‍ നിറയുന്നുവോയെന്ന്
നടക്കുമ്പോള്‍ നീ ചിരിക്കുന്നുവോയെന്ന്
ഇളവെയിലില്‍ നിന്‍റെ കണ്ണുചിമ്മുന്നുവോ എന്നും
ഇങ്ങനെയൊക്കെ ഒന്നിനെത്തന്നെ നിനച്ചിരിക്കുമോ വല്ലവരും?

Monday, July 23, 2012

ഇരട്ടവാലന്‍

പഴയ നോട്ട്ബുക്കുകളില്‍ എപ്പോഴും ഉണ്ടാവും
ധൃതിയില്‍ വലിച്ചുകീറിയെടുത്ത ഒരു താളിന്‍റെ അരിക്.

 കുറേ ആലോചിച്ചാലുംകിട്ടില്ല
എന്ത് കുറിപ്പ്, ആരുടെ മേല്‍വിലാസം, ഏതു കണക്ക്, എന്ന്?

അരികുകളില്‍ വിരലോടിച്ചുനോക്കണം,
ചീന്തിയെടുക്കപ്പെട്ടതിന്റെ ബാക്കിക്കെന്തുഭംഗി.
ഒരു മഷിപ്പേന ചെരിച്ചുപിടിച്ച് ഓടിച്ചുപോയാല്‍
അരികില്‍ പടരുന്ന നിറത്തിനെന്തുഭംഗി.

ഒരു പുതിയ മുറിവ് പോലെ
നനഞ്ഞത്,
ഒരു പഴയ കടലാസ് പോലെ
മഞ്ഞച്ചുപോയത്.

Sunday, July 15, 2012

ഇമ




ആകാശം നോക്കിക്കിടന്ന ഒരു രാത്രി ഒരമ്മ കുഞ്ഞിനോട് പറഞ്ഞു,

അത് ആകാശമാണ്. കണ്ടു കണ്ണ് നിറയ്ക്കുക. അത് അനന്തതയാണ്. ജീവിച്ചുകൊണ്ടേയിരിക്കുക. അത് സ്നേഹമാണ്. അത് മാത്രം വറ്റില്ല. ആകാശം അമ്മയാണ്. അതിനെ പെയ്യാന്‍ വിടുക. നിറയാന്‍ വിടുക.  മഴയെ കുപ്പിയില്‍ അടയ്ക്കണം എന്നോ ചന്ദ്രബിംബത്തെ പതക്കമാക്കി കഴുത്തിലണിയണമെന്നോ വാശി പിടിക്കരുത്. കണ്ണ് തുറന്നു പിടിക്കുക, കാണുക. കണ്ണടച്ചും പിടിക്കുക, കാണുക. 

കുഞ്ഞ് ഉള്ളില്‍ ചെറുതായി കുതിച്ചു. ഒന്ന് മൂളിക്കേട്ടു. പിന്നെ ചുരുണ്ടുമയങ്ങി. ആകാശത്തെ സ്വപ്നം കണ്ടു.