തലയോടുകാണാന്‍ പോയി.
കുട്ടികളുടെ കുര്‍ബാനയുടെ ഉച്ചയാണ്.
കര്‍ത്താവിന്റെ ശരീരത്തില്‍ നോക്കി കുട്ടിക്ക്
വേദനിച്ചു, തലചുറ്റി.
അനന്തരം കുട്ടി ഇളംതിണ്ണയിലിരിക്കുകയും
അകത്ത് കുര്‍ബാന തുടരുകയുമാണ്.
മെല്ലെ നടന്നപ്പോള്‍ ശവക്കോട്ടപ്പറമ്പൊരു ലക്ഷ്യമായിരുന്നില്ല.
വെളുത്ത ഷര്‍ട്ട്, നീലക്കുരിശ്, ക്യാമല്‍ മഷി
ഓര്‍മ്മയില്‍ ഒരടക്കം മാത്രം,
ചെറിയ ഓര്‍മ്മയാ-
ണാരും കാണാതൊരുമുറിയില്‍
ഭംഗിയുള്ളൊരു പെട്ടിയില്‍
കയറിയിറങ്ങിക്കളിച്ചതും
ഇളയതിനെ കേറ്റിയിരുത്തിയതും
കരയിപ്പിച്ചൊരു പാട്ടാദ്യം കേട്ടതും
അന്തിവെളിച്ചം മങ്ങിയതും
പൂക്കളും കുന്തിരിക്കവും സാമ്പ്രാണിയു-
മൊരുമണമൊരു മരണമണം
ഉള്ളംകയ്യ്
പാവാടഞൊറിയില്‍ തേച്ചതും
ഉള്ളം കലങ്ങിയതും
മരിച്ചയാളിന്റെ പേന മോഷ്ടിച്ചതും
മരിച്ചവര്‍ പോയെന്നുതിരിച്ചറിഞ്ഞതും
ഒരു മാലാഖ
കേട്ടറിവേയുള്ളൂ,
വെളുത്തപൂക്കള്‍ അതിരിടുന്ന വഴിതീരുന്നിടത്ത്
മെഴുകുരുകി വെയിലില്‍ കുഴഞ്ഞുകിടക്കുന്ന കല്ലുകള്‍,
തടിക്കുരിശുകളും കല്‍ക്കുരിശുകളും,
വലിയവ, ചെറിയവ, ദ്രവിച്ചവ, മിനുത്തവ,
ചവിട്ടിയാല്‍ മരിച്ചവരറിയുമോ എന്നുപേടിവേണം.
എത്ര സൂക്ഷിച്ചാലും ചവിട്ടിപ്പോകും.
പേരില്ലാത്ത കുരിശില്ലാത്ത നിലംപോലുമാരുടെ?
പിന്നെയാണാക്കോണില്‍
കിണറെന്നോ കുളിപ്പുരയെന്നോ തോന്നുന്നൊരിടം.
വലിയ രണ്ടുവെട്ടുകല്ലുകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്,
തേപ്പിളകിയ ഭിത്തിയിലും വെട്ടുകല്ലിന്റെ നിറം കാണാം.
കുട്ടി പതിയെ നടന്നുകയറി,
എത്തില്ല.
ഒന്നുകൂടി വലിഞ്ഞുനോക്കിയപ്പോള്‍ ഒരുനോക്ക് കണ്ടു.
മണ്ണുകലര്‍ന്ന ഒരു എല്ലിന്‍കൂന.
താഴ്വരയില്‍ തിളങ്ങുന്ന,
ഒതുങ്ങിയ ഒരു തലയോട്.
പേടിതോന്നാഞ്ഞത് കുട്ടിയെ ആഹ്ലാദിപ്പിച്ചു.
കുട്ടി ചിരിച്ചു.
നട്ടുച്ചയ്ക്കാകാശത്ത് ചെന്തീപടര്‍ന്നു,
കുട്ടി ഒറ്റയ്ക്ക് തിരിച്ചുനടന്നു.