Sunday, December 6, 2015

ആകാശം മുറിച്ചുകടന്ന കഴുത

ഒരു രാവിരുട്ടിവെളുത്തപ്പോഴാണ്  വൃദ്ധയായത്. 
മുടി നരച്ചത്, 
തൊലി ചുളിഞ്ഞത്. 
ശരീരം അനുവാദം ചോദിച്ചില്ല. 
ഒരു മുതുക്ക് മണം പടര്‍ന്നു. 


ജീവന്റെയും മരണത്തിന്റെയും  
ആകാശം മുറിച്ചുകടന്നുപോകുന്ന
ഒരു നൂല്‍പ്പാലത്തില്‍ കയറിനിന്നു. 


ഞാന്‍ ചുമക്കുമെന്ന് എനിക്കുറപ്പില്ലാഞ്ഞ ഭാരമാ-
ണെന്നെ വീഴാതെ നിറുത്തിയത്. തലയോട് കാണാന്‍ പോയ കുട്ടി

ഒരിടത്തൊരിടത്തൊരിടത്തൊരു കുട്ടി
തലയോടുകാണാന്‍ പോയി.
കുട്ടികളുടെ കുര്‍ബാനയുടെ ഉച്ചയാണ്.
കര്‍ത്താവിന്റെ ശരീരത്തില്‍ നോക്കി കുട്ടിക്ക്
വേദനിച്ചു, തലചുറ്റി.
അനന്തരം കുട്ടി ഇളംതിണ്ണയിലിരിക്കുകയും
അകത്ത് കുര്‍ബാന തുടരുകയുമാണ്‌.
മെല്ലെ നടന്നപ്പോള്‍ ശവക്കോട്ടപ്പറമ്പൊരു ലക്ഷ്യമായിരുന്നില്ല.

വെളുത്ത ഷര്‍ട്ട്, നീലക്കുരിശ്, ക്യാമല്‍ മഷി

ഓര്‍മ്മയില്‍ ഒരടക്കം മാത്രം,
ചെറിയ ഓര്‍മ്മയാ-
ണാരും കാണാതൊരുമുറിയില്‍
ഭംഗിയുള്ളൊരു പെട്ടിയില്‍
കയറിയിറങ്ങിക്കളിച്ചതും
ഇളയതിനെ കേറ്റിയിരുത്തിയതും
കരയിപ്പിച്ചൊരു പാട്ടാദ്യം കേട്ടതും
അന്തിവെളിച്ചം മങ്ങിയതും
പൂക്കളും കുന്തിരിക്കവും സാമ്പ്രാണിയു-
മൊരുമണമൊരു മരണമണം
ഉള്ളംകയ്യ്
പാവാടഞൊറിയില്‍ തേച്ചതും
ഉള്ളം കലങ്ങിയതും
മരിച്ചയാളിന്റെ പേന മോഷ്ടിച്ചതും
മരിച്ചവര്‍ പോയെന്നുതിരിച്ചറിഞ്ഞതും

ഒരു മാലാഖ
കേട്ടറിവേയുള്ളൂ,
വെളുത്തപൂക്കള്‍ അതിരിടുന്ന വഴിതീരുന്നിടത്ത്‌
മെഴുകുരുകി വെയിലില്‍ കുഴഞ്ഞുകിടക്കുന്ന കല്ലുകള്‍,
തടിക്കുരിശുകളും കല്‍ക്കുരിശുകളും,
വലിയവ, ചെറിയവ, ദ്രവിച്ചവ, മിനുത്തവ,
ചവിട്ടിയാല്‍ മരിച്ചവരറിയുമോ എന്നുപേടിവേണം.
എത്ര സൂക്ഷിച്ചാലും ചവിട്ടിപ്പോകും.
പേരില്ലാത്ത കുരിശില്ലാത്ത നിലംപോലുമാരുടെ?
പിന്നെയാണാക്കോണില്‍
കിണറെന്നോ കുളിപ്പുരയെന്നോ തോന്നുന്നൊരിടം.
വലിയ രണ്ടുവെട്ടുകല്ലുകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്,
തേപ്പിളകിയ ഭിത്തിയിലും വെട്ടുകല്ലിന്റെ നിറം കാണാം.
കുട്ടി പതിയെ നടന്നുകയറി,
എത്തില്ല.
ഒന്നുകൂടി വലിഞ്ഞുനോക്കിയപ്പോള്‍ ഒരുനോക്ക് കണ്ടു.
മണ്ണുകലര്‍ന്ന ഒരു എല്ലിന്‍കൂന.
താഴ്വരയില്‍ തിളങ്ങുന്ന,
ഒതുങ്ങിയ ഒരു തലയോട്.
പേടിതോന്നാഞ്ഞത് കുട്ടിയെ ആഹ്ലാദിപ്പിച്ചു.
കുട്ടി ചിരിച്ചു.
നട്ടുച്ചയ്ക്കാകാശത്ത് ചെന്തീപടര്‍ന്നു,
കുട്ടി ഒറ്റയ്ക്ക് തിരിച്ചുനടന്നു.

Wednesday, October 28, 2015

വണക്കമാസകാലത്തെ ഒരു പശുപ്പിറവിരാത്രി

കൊന്തയുമെത്തിച്ച് ആളുകള്‍ പിരിഞ്ഞശേഷമാണ് അതുണ്ടായത്.
വീട്ടുകാരന്‍ തിരിച്ചെത്തുന്നതേയുള്ളൂ,
പുഴുക്കും ഇറച്ചിക്കറിയും വേവുന്നതേയുള്ളൂ. 
സന്ധ്യയാകുന്നതേയുള്ളൂ.
രണ്ടാമത്തെ പേറാണെന്നാലും
പേടിയാണ്.
നിക്കാനും മേല, കിടക്കാനും മേല.
പാവം.
തുടങ്ങീന്ന് തോന്നുന്നു.
പെണ്ണായപെണ്ണെല്ലാം എരിഞ്ഞുപൊരിഞ്ഞ് നടപ്പാണ്,
വേവലാതിയാണ്, വിഷമമാണ്,
വലിയ പശുവാണ്‌.
നമ്മളെക്കൊണ്ട് ഒക്കുമോ, അവനെ വിളിയെന്ന് പേടിച്ചിലമ്പലുകള്‍
ചില്ലറക്കേസല്ല.
പശു പിടിച്ചാല്‍ നില്ക്കില്ല, കന്നിപ്പേറൊരു കഥയായിരുന്ന-
തോര്‍ക്കാന്‍ മേല, ഹോ.
പഴന്തുണി കീറുന്നു,
തൊഴുത്ത് കഴുകുന്നു,
ജീപ്പ്‌ വന്നുനില്ക്കുന്നാ-
ശ്വസിക്കുന്നു,
ലുങ്കിയെത്തിക്കുന്നു,
എല്ലാത്തിനുമിടെ “ഇല്ലെടീയില്ലെടീ”യെന്നു പശുവിനെ ഓമനിക്കുന്നു,
കണ്ണുതള്ളുന്ന, പുളയുന്ന പശുവോരോ
പെറ്റ പെണ്ണിന്റെയുമുള്ളിലെ നോവാകുന്നു.
ഈശോയീശോയെന്നിടറുന്ന
മനസുകള്‍ നേര്‍ച്ചനേരുന്നു,
നിത്യസഹായമാതാവിന്,
അന്തോനീസിന്,
സഹദായ്ക്ക്,
നൊന്തുനൊന്ത്
പശുവിനെയോര്‍ത്ത് സമര്‍പ്പിച്ച്
പ്രാര്‍ത്ഥനകളുടെ മാല ആകാശമാര്‍ഗത്തില്‍
നീങ്ങിത്തുടങ്ങിയതും കറന്റ് പോയതും
ദൈവമേയെന്നു വിയര്‍ത്തുള്ളം നിന്നുപോയതും
കൊച്ചേ, ഓടിച്ചെന്നാ ടോര്‍ച്ചെടുക്കാനും
ഹെഡ് ലാമ്പെടുക്കാനും
കുഞ്ഞിപ്പെണ്ണിനെ പായിച്ചതും,
ഉള്ള വെട്ടത്തില്‍ കുഞ്ഞിന്റെ തല കാണാം,
പശുവിനെ തൊടുന്നു, തഴുകുന്നു,
പ്രാര്‍ത്ഥനയുടെ മൂര്‍ധന്യത്തിലൊരിടി വെട്ടുന്നു,
അമറുന്ന പശുവിനെ ചേര്‍ത്തുപിടിക്കുന്നു,
“ഇല്ലെടീയില്ലെടീ” പേച്ചുകള്‍.
തലയിറങ്ങുന്നുണ്ട്, പശു തളര്‍ന്നുപോകുന്നുണ്ട്,
ചോരയും ചാണകവും വഴുക്കുന്ന തൊഴുത്തിന്റെ തറയില്‍
നിലകിട്ടാതെ മനുഷ്യന്‍ വെപ്രാളപ്പെടുന്നുണ്ട്,
ക്ടാവിന്റെ പിടലിക്ക് വലിച്ചെടുക്കാന്‍ നോക്കുന്നുണ്ട്,
കിതച്ചണച്ച് നിന്നുപോകുന്നുണ്ട്,
നേര്‍ച്ചനേരുന്നുണ്ട്,
മുന്‍കാലുകള്‍ കൂടിയിറങ്ങിയപ്പോള്‍
ആഞ്ഞാഞ്ഞുവലിക്കുന്നുണ്ട്,
ശ്വാസം നിലച്ചുപോയ പെറ്റപെണ്‍വയറുകളുണ്ട്,
നോവിന്റെ പടിക്കെട്ടുകളിറങ്ങിയ ഓര്‍മ്മയറകളില്‍
ലേബര്‍റൂമുകളില്‍
നൈറ്റികളില്‍,
പിന്നിമടക്കിക്കെട്ടിയ മുടിയി-
ലുലാത്തലില്‍,
നോവിന്റെ പാരമ്യങ്ങളുയര്‍ച്ച താഴ്ചകളില്‍
ബോധമബോധ നിമിഷാര്‍ദ്ധനിര്‍വൃതികളില്‍
തൊണ്ടകാറുന്ന നിലവിളിയോര്‍മ്മകളില്‍
പശുവും പെണ്ണുങ്ങളും
ആഞ്ഞുമുക്കിയൊരൊറ്റവീര്‍പ്പില്‍
കഴിഞ്ഞു, സുഖം, പ്രസവം.
പെണ്ണ്.

Sunday, May 31, 2015

യുദ്ധമൊരുക്കം

കഫം കാര്‍പ്പിക്കു-
ന്നാഞ്ഞാഞ്ഞുതുപ്പുന്നു,
പടച്ചട്ട തുടച്ചിട്ട്
മുറുക്കിക്കെട്ടുന്നു.
തോറ്റതുകള്‍ക്ക്  കോട്ടുവാ കൊട്ടുന്നു
ഉറക്കമളയ്ക്കാന്‍ കാപ്പി കുറുക്കുന്നു
പറത്തുന്നു ജീവനെ
പിരിക്കുന്നുടുപ്പുവക്ക്-
പിടയ്ക്കുന്നയുള്ളം
പശപ്പുള്ള ചോര.
വാലില്‍ നൂല്‍ കെട്ടി-
പ്പറക്കയില്‍
വലിച്ചുവീഴ്ത്തുന്നു,
നൂലുവാലും  വാലുനൂല്
നീളെ നാളെ
നാളെ നീളെ


Wednesday, February 4, 2015

കണ്ടിരിക്കല്‍


തേഞ്ഞതും 
മൂര്‍ച്ച മുന്തിയതും 
വിയര്‍പ്പ് വീണതുമായ 
ഭാഷ. 
തിരുത്തിയാലോ മിനുക്കിയാലോ  ചോര നീറും. 
കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത കൊണ്ടുവേണം
ഭാഷയെ തൊടാന്‍. 

വാക്കിനെ  വാക്കിന്റെ 
വിളുമ്പില്‍ തുളുമ്പിക്കുക. 

ഒരു കുഞ്ഞുകഥ പറയാം. 
 അമ്മ ഒളിച്ചിരിക്കും. 
 ഒളിച്ചേ എന്നും 
പിന്നെ 
കണ്ടേ എന്നും പറയണം.  
പിന്നെയാണ് കുഞ്ഞിന്‍റെ ഊഴം.

ലോകം പുറത്ത് നിന്നപ്പോള്‍ 
പുതപ്പുപ്രപഞ്ചത്തിന്റെ ഉള്ളില്‍ നിന്ന്
വാ അമ്മേ, കണ്ടിരിക്കാം എന്ന് കുഞ്ഞ്. 

കാലിക്കോ കുപ്പായക്കാര്‍

ഇടയ്ക്കിടയ്ക്ക് നില്‍ക്കും.

ആയം കൂട്ടാനോ  കുറയ്ക്കാനോ ഒക്കെ.
മുങ്ങിത്താഴുകയോ ഇടിച്ചുനില്‍ക്കുകയോ ഇല്ല.
പക്ഷിയെപ്പോലെയാണ്.
പക്ഷി തന്നെയാണ്.

മെല്ലെപ്പറഞ്ഞാല്‍
കേള്‍ക്കാതെവന്നാല്‍
കടലല്ലേ കപ്പലല്ലേ
മുങ്ങിത്താഴാതെ ഇടിച്ചുനില്‍ക്കാതെ
തെറിപറഞ്ഞ്
മുഷ്ക്ക് മണത്തോടെ
തീരമെന്നോ വണിക്കുകളെന്നോ ലക്ഷ്യമില്ലാതെ
ഇതാ പോകുന്നു നീതിബോധത്തിന്റെ കപ്പല്‍.

Tuesday, February 3, 2015

കൊല്ലുന്ന വിധം

എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാ
നൈറ്റി കയറ്റിക്കുത്തിയിരുന്ന്
പുള്ളിക്കോഴിയുടെ
കഴുത്ത് പിരിക്കുന്നതും
ചൂടുവെള്ളത്തില്‍ മുക്കി പൂടപറിക്കുന്നതുമൊക്കെ.
ഞണ്ടിനെ ജീവനോടെ ചൂടുവെള്ളത്തില്‍ മുക്കിയെടുക്കും.
വരാലിനെ മീന്‍തേക്കുന്ന കല്ലില്‍ തലയിടിച്ച് പിന്നെ തൊലിയുരിച്ചും.
ഒച്ചിനെ ഉപ്പിട്ട് അലിപ്പിച്ച്
എലിയെ പെട്ടിയോടെ വെള്ളത്തില്‍ മുക്കിയോ
കപ്പകഷണത്തില്‍ വിഷം വെച്ചോ,
പാമ്പിനെ ചൂരല്‍ കൊണ്ട് തല്ലിയും
അങ്ങനെ തിന്നാനായും അല്ലാതെയും.

പേടിയാണ് ചങ്കിടിപ്പാണ് കൈവിറയാണ് അബലയാണ് എന്നൊക്കെ പറയാമോ.

Thursday, January 8, 2015

തുടരും

നടന്നുപോകുമ്പോള്‍ പെട്ടെന്ന് വഴി തീര്‍ന്നുപോവുകയാണെന്ന് കരുതുക. നിങ്ങള്‍ എന്തുചെയ്യും എന്നാണെന്‍റെ ചോദ്യം.

ഉദാഹരണത്തിന് ഇക്കഴിഞ്ഞദിവസം കേന്ദ്രകഥാപാത്രം ജര്‍മ്മനിയിലെ  തണുത്തുമരവിച്ച ഒരു കൊച്ചുപട്ടണത്തില്‍ അവനവനെ ഡീഫ്രോസ്റ്റ് ചെയ്യാന്‍ വെച്ച് കുത്തിയിരിക്കുകയായിരുന്നു. ഇടയ്ക്കിടെ തൂവിയ മഴ ഇത് സത്യത്തില്‍ ഏറ്റുമാനൂര്‍-കുറുപ്പന്തറ ഭാഗത്തുള്ള ഏതോ കവലയില്‍ നിന്ന് പടര്‍ന്നുകേറിപ്പോയ ഇടവഴിയല്ലേ എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിച്ചു. 

വേസ്റ്റ് കളയാനാണ് പോയത്. അരക്കിലോ മത്തി മേടിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇഞ്ചിക്കും വെളുത്തുള്ളിക്കുമൊപ്പം ഒരു പകുതി തക്കാളിയും ഇച്ചിരെ കടുകും കൂടി ചേര്‍ത്ത് അരച്ച് ഒരു പരിപാടിയുണ്ട്. വീടിനുവെളിയില്‍ പക്ഷെ ആരെയും കണ്ടില്ല. കുറച്ചപ്പുറത്തുനിന്നും മീന്‍കാരന്റെ കൂവല്‍ കേട്ടു. അയാളുടെ കൂവല്‍ ഇടയ്ക്കിടെ അകന്നും ഇടയ്ക്കിടെ അടുത്തും വന്നപ്പോഴേ വീട്ടിനകത്തുകയറി വാതിലടച്ച് വല്ല മുട്ടയോ മറ്റോ പുഴുങ്ങിത്തിന്നണ്ടതായിരുന്നു.  രണ്ടു ചുവടുനടന്നാല്‍ കിട്ടുമല്ലോ മാരീചമത്തി എന്നായിരുന്നു മനസ്സില്‍. 

പൂക്കള്‍ സമൃദ്ധമായി വിടര്‍ന്നുനിന്നിരുന്നു. ജര്‍മ്മനിയല്ലേ, കൊടും ശൈത്യമല്ലെ എന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല. ഒരു തിരിവ്‌ കടന്നതും ഓടിട്ട ഒരു കെട്ടിടം, കടുംമജന്ത നിറത്തില്‍ ബോഗന്‍വില്ല പൂത്തുമറിഞ്ഞുകിടന്നിരുന്നു. വാതില്‍ക്കല്‍ ഇരുന്ന ചേട്ടനും ഒരു പൂത്തുമറിഞ്ഞ ഭാവം. 
പിന്നെയാണ്  പോര്‍ട്ടിക്കോ മാത്രം വാര്‍ത്ത തൊട്ടടുത്ത ഓടിട്ട വീട്ടിലെ ജനലിനരികില്‍ നിന്ന് കപ്പ വെന്തുവരുന്ന മണം കുമുകുമാന്ന് പുറത്തുവന്നുതുടങ്ങിയത്. അവിടെയുള്ള ചേച്ചിയാണെങ്കില്‍ തണുപ്പുവകവയ്ക്കാതെ ജനലൊക്കെ തുറന്നിട്ട്‌ അതിവേഗത്തില്‍ ഇറച്ചി ഒരുക്കുകയാണ്. കോഴിയുടെ തൊലി ഒരു കുഞ്ഞിന്റെ മൂത്രത്തുണി പൊക്കിനോക്കുന്ന അതേ മുഖഭാവത്തോടെ ഒരു വശത്ത് നിന്നും വിടര്‍ത്തിനോക്കുന്നു. കുറച്ചറപ്പ്, കൂടുതല്‍ ശ്രദ്ധ, അതിലും കൂടുതല്‍ സ്നേഹം എന്നതാണ് രീതി. വിട്ടുപോരുന്നുണ്ട്. അവരുടെ  മേശപ്പുറത്ത്
രണ്ടുതാറാവുകളുണ്ടായിരുന്നു. ആടിയാടിവന്ന് നടുവിലെ ഗ്ലാസില്‍ നിന്ന് 
ചോരപോലെ ചുവന്ന വെള്ളം കുടിക്കുന്നവര്‍. ഇടയ്ക്കൊന്ന് ഉടക്കിയപ്പോള്‍ കത്തി മെല്ലെ ചെരിച്ച് അവര്‍ ഒന്ന് തട്ടിവിട്ടു. തൊലിയുടെ ഒരറ്റത്ത് പിടിച്ച് അവര്‍ ഒരു വലി വലിച്ചതും ഉരിഞ്ഞിങ്ങുപോന്നു. സന്തോഷം കൊണ്ട് അവര്‍ ഒന്ന് "ഹാ!" വെച്ചു. പുറത്തുനിന്നയാളും "ഹാ!" വെച്ചു.

അത്രയുമായപ്പോഴാണ് അവര്‍ എന്നെ ശ്രദ്ധിച്ചത്. 
അവര്‍ ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍  മുന്നിലെ വഴി തീര്‍ന്നുപോയി. 

ചുണ്ടിനോട് ചേര്‍ന്ന് മൂര്‍ച്ചമുറ്റിയ ഒരു കത്തി മിനുങ്ങിമാറിയപ്പോഴാണ്  ചാര്‍ജ് തീര്‍ന്നുപോയത്. അടുത്ത എപ്പിസോഡില്‍  രക്ഷപെടുമോ കൊല്ലപ്പെടുമോ എന്നുപോലും അറിയില്ല. മുഖം അടര്‍ന്നു പൊഴിയുന്നതുപോലെ ഒരു തോന്നലുണ്ട്‌. വഴിയാണെങ്കില്‍ കാണുന്നുമില്ല. മീന്‍കാരന്റെ കൂവല്‍ മാത്രം എവിടെനിന്നോ കേള്‍ക്കാം. മൊത്തം ഒരു മഞ്ഞ നിറമാണ്. 

Monday, December 15, 2014

കഥ


തളര്‍ന്നുറങ്ങിപ്പോയ കുട്ടികളുടെ
ശ്വാസത്താല്‍ കുതിര്‍ന്ന്
പേടിസ്വപ്നങ്ങളുടെ ഏകാന്തസഞ്ചാരം. 

Thursday, December 4, 2014

വൈറ്റ് നോയിസ്

എന്നിട്ടും നമ്മള്‍ വിരലുകളില്‍ വെളുത്ത ചായം പൂശുന്നു,
മഞ്ഞുകൊണ്ട് മരവിച്ചതെന്ന് നടിക്കുന്നു,
രക്തത്തിന്റെ ചാടിയോട്ടത്തെയും
വിരല്‍ത്തുമ്പിലെ ഏകാന്തതയെയും
വെളുത്തനിറം കൊണ്ട്
പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.
ദൂരക്കാഴ്ചയില്‍ നമ്മള്‍ മരിച്ചുകിടക്കുകയാണെന്നേ ആര്‍ക്കും തോന്നൂ.
നമുക്കുപോലും.
അടുപ്പില്‍ നിന്നും
നമ്മുടെ തീന്മേശയില്‍ നിന്നും ഉയരുന്ന
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട സ്വപ്നങ്ങളുടെ ആവി വീണ്
നിറമിളകിപ്പോകുന്നത് കാണാം.
കൊഴുത്ത വെളുത്ത അക്രിലിക്ക് ഇറ്റുതുള്ളികള്‍.
നീ ചോദിക്കും,
വെളുത്ത നിറത്തെ അങ്ങനെ നിറമെന്നൊക്കെ വിളിക്കാമോ?
ഞാന്‍ വെളുപ്പില്‍ നിന്ന് ചുവപ്പിനെ വേര്‍തിരിച്ചെടുക്കും,
നിന്റെ ഞരമ്പിലേയ്ക്ക് കയറ്റിവിടും.
പതിയെ, നോവാതെ,
വേദനയുടെ ആ ആന്റിബയോട്ടിക്കില്ലേ,
കാനുല ഞെക്കിപ്പിടിച്ചും ഞരമ്പിലൂടെ തിരുമ്മിയിറക്കിയും
നമ്മള്‍ കയറ്റിവിടുന്ന മരുന്ന്,
അതുപോലെ.
ചുവപ്പ്.

Sunday, November 16, 2014

ലഘുലേഖ

ഞങ്ങള്‍
ചാരകൂനയ്ക്കുള്ളില്‍
ചായകുടിച്ചിരുന്ന്
കൈത്തണ്ടകളിലെ കുഞ്ഞുരോമങ്ങളുടെ
രഹസ്യം പറച്ചിലാല്‍
കോരിത്തരിച്ചുകുതിര്‍ന്നവരാണ്.

കന്യാസ്ത്രീവാര്‍ഡന്‍മാര്‍
പൊട്ടിച്ച് വായിക്കുന്ന നീല ഇന്‍ലന്‍ഡുകളില്‍
ശ്വാസത്തിന്റെ വീര്‍പ്പുകള്‍
ഒളിച്ചുകടത്തിയവരാണ്.

വാക്കില്‍ വാക്കിനെ ഉടക്കി
ആര്‍ക്കും പിടികൊടുക്കാതെ
കവിതകളെഴുതിയവരാണ്.

മണങ്ങളെയും രുചികളെയും
നോട്ടങ്ങളെയും സ്പര്‍ശങ്ങളെയും
ചിലന്തിവലകളില്‍
ഉടക്കിവെച്ചവരാണ്.

പ്രാര്‍ഥനാമുറിയിലും
പരീക്ഷാഹാളിലും
പനിക്കിടക്കയിലും വരെ
പ്രേമിച്ചുതളര്‍ന്നവരാണ്.

നിങ്ങള്‍ ഇനി
സ്വപ്നങ്ങളെ ഏകാന്തത്തടവിലിടൂ,
സ്വപ്‌നങ്ങള്‍ സ്വപ്നം കാണുന്നത് കാണൂ.Wednesday, October 22, 2014

ദോശ ഉണ്ടാക്കുന്ന വിധം


അത്ര ലളിതമല്ല ഒരു ശീ മറു ശീ  ദോശ.
 ഉച്ചകഴിയുമ്പോള്‍ തന്നെ ഓര്‍ത്തുവെച്ച് അരിയും ഉഴുന്നും കണക്കനുസരിച്ച് വെള്ളത്തില്‍ കുതിരാന്‍ വെക്കണം.
രാത്രി തീന്‍പാത്രങ്ങള്‍ എല്ലാം കഴുകി എച്ചില്‍ ഒരു പാത്രത്തില്‍ അടച്ച് പൂച്ച കേറാതെ എലി മാന്താതെ സൂക്ഷിച്ച് നാളെ കളയാനായി മാറ്റിവയ്ക്കണം. എന്നിട്ടാണ് അരി അരച്ചിടുന്നത്. മിക്സിയുടെ ജാറില്‍ ഒരു ശകലം വെള്ളമൊഴിച്ച് ഒന്നു ചുറ്റിച്ചുകളഞ്ഞേച്ചുവേണം അരയ്ക്കാന്‍. അരച്ചുപാത്രത്തിലാക്കി അടച്ചുവയ്ക്കുമ്പോള്‍ രാവിലെ പൊങ്ങിയേക്കണേ എന്നൊരു പ്രാര്‍ത്ഥന വേണം, മാവും ആത്മാവും ഒക്കെ.

രാവിലെ അരികഴുകി അടുപ്പിലിട്ടിട്ട് വേണം ബാക്കി.
സമയനിയന്ത്രണത്തിലെ ബുദ്ധിയാണല്ലോ പ്രധാനം. ദോശ മുഴുവന്‍ ചുട്ടേച്ച് അരികഴുകാന്‍ ചെന്നാല്‍ ഉച്ചക്കുണ്ണാന്‍  പറ്റത്തില്ലല്ലോ...
അന്നേരമാണ് ചെറിയ പൊള്ളലുകളും മുറിവുകളും നീറ്റിവലിക്കുന്നത്.
 അമ്മച്ചിമാരാണേല്‍ കഴുകിഅടുപ്പത്തിടുന്നതിനുമുന്‍പ് അരീടെ പുറത്ത് ഒരു കുരിശുവരയ്ക്കും. ഈ കുരിശാണ് അരിമണികളെ കൃത്യമായി ചേട്ടായിമാരുടെ എല്ലുകളുടെ ഇടയിലെ സങ്കീര്‍ണ്ണതകളിലെയ്ക്ക് കയറ്റിവിടുന്നതും ഏമ്പക്കങ്ങളും എക്കിളുകളും ഈശോ വിളികളും നീട്ടിയുള്ള കീഴുശ്വാസങ്ങളും ഉണ്ടാക്കുന്നതും.

ഇനിയാണ് കല്ല്‌ അടുപ്പില്‍ വയ്ക്കേണ്ടത്. ഒരുദോശ ശീ.
ചമ്മന്തിക്ക് തേങ്ങ ചെരണ്ടണ്ട.
മിക്സിയിലാണല്ലോ നമ്മുടെ അര.
അപ്പോള്‍ ചെരണ്ടിയാലെന്നാ, പൂളിയാലെന്നാ?
പക്ഷെ ആരും അറിയാതെ നോക്കണം. അല്ലെങ്കില്‍ ചെരണ്ടിയില്ല എന്ന ഒറ്റക്കാരണം മതി ചമ്മന്തീടെ ആ ടേയ്സ്റ്റ് പോയെന്നുതോന്നാന്‍.
രണ്ടുകഷണം പൂളിയാല്‍ പിന്നെ ദോശ മറിച്ചിടാം.
അടുത്തതൊഴിച്ച് വീണ്ടും തേങ്ങാ പൂളാം.
പിന്നേം മറിച്ചിടാം.
ശീ.
പിന്നെ ഉള്ളി തൊലിക്കാം.
പിന്നെ ഒഴിക്കാം.
ശീ.
പിന്നെ മുളക് കീറാം.
പിന്നെ മറിച്ച്
ശീ
പിന്നെ അരച്ച്
പിന്നെ ഒഴിച്ച്
ശീ
പിന്നെ കടുകുവറത്ത്
പിന്നെ ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ.

Friday, May 30, 2014

ചേക്ക

പറിച്ചുനടാനും
മുളപൊട്ടാനും
തഴച്ചുവളരാനും
ഓടിത്തളരാനും
വാടിക്കരിയാനും
വിറയ്ക്കാനും
വെറുങ്ങലിക്കാനും
ഉമ്മ വയ്ക്കാനും
 കഥ പറയാനും
തുറിച്ചുനോക്കാനും
വിളിച്ചുകാണിക്കാനും
ചേര്‍ത്തുകെട്ടാനും
പിണച്ചുവയ്ക്കാനും
ആന കളിക്കാനും
ഒളിച്ചുവയ്ക്കാനും
അരച്ചുചേര്‍ക്കാനും
മണത്തുനോക്കാനും
തുടച്ചുനീക്കാനും
കുറ്റം പറയാനും
സിനിമ കാണാനും
കണ്ണുനിറയ്ക്കാനും
വെയില്‍തട്ടുമ്പോള്‍ തിളങ്ങുന്ന ചിറകുള്ള കാക്കകളുടെ വീടാകാനും.

Saturday, October 19, 2013

"തലക്കെട്ടുകള്‍ ക്ഷണിക്കുന്നു"

കവിതകളുണ്ടായിരുന്നു 
പിന്നെയാണ് ഓര്‍മ്മക്കുറിപ്പുകള്‍ ഉണ്ടായത്. 
മരിച്ച സതീര്‍ത്ഥ്യരും ഞാനും
ഞാനും മരിച്ച സതീര്‍ത്ഥ്യരും 
ഞാനും ലോകവും എന്ന മട്ടില്‍ 
ഇതെല്ലാം എങ്ങനെയോ ഞാനോ ഇങ്ങനെയിങ്ങനെ 

എന്‍റെ ഞാന്‍, നിങ്ങളുടെയും ഞാന്‍, അവരുടെയും ഇവരുടെയുമെല്ലാം ഞാന്‍ എന്ന് ഖണ്ടശ്ശ. 
ലൈക്കുകള്‍ പുഷ്പചക്രങ്ങള്‍.
പഴയകവിതകളുടെ പോഡ്കാസ്റ്റുകള്‍ കാക്കക്കാഷ്ടങ്ങള്‍
കാകുന്ന കാക്കകള്‍ ചീറ്റിപ്പൊട്ടുന്ന വിപ്ലവങ്ങള്‍ പുതിയ കണ്ണാടി
പുതിയ മുഖം, ചന്ദനത്തിരിയുടെ മണം.
അവനവനെത്തന്നെപ്രേമിച്ചുള്ള മണം,
പത്രത്താള്‍ നിറയ്ക്കാനുള്ള പാച്ചില്‍.