Thursday, December 4, 2008

ഡെഡ് ലൈന്‍

തലയണയില്‍ കുമിയുന്ന
നിശ്വാസ കയങ്ങള്‍.
ഏകാന്ത മൌനങ്ങള്‍.
ദുസ്വപ്ന ജാഗ്രത.
മുങ്ങിത്താഴാതിപ്പോഴും
ചൂണ്ടു വിരലുകള്‍.
തണുപ്പ്.
ഓര്‍മകളുടെ നൂറ്റാണ്ടുകള്‍.

ഈ കിടക്കയുടെ ഏത് മൂലയില്‍
ഉറക്കത്തിന്റെ ക്ഷേത്ര ഗണിതം
വഴി തെറ്റി കിടക്കുന്നു?
ഞാന്‍ അര്‍ഹിക്കുന്നില്ല ഈ പീഡ.
രാത്രികളുടെ കാവല്‍ മാലാഖേ,
എന്നെ നിന്റെ കയ്യില്‍ എടുക്കുക.

Tuesday, December 2, 2008

കടല്‍ കാണാ കര

ജലം കൊണ്ടൊരു കപ്പല്‍
തീരത്തടുക്കുമ്പോഴാവും
ഞാന്‍ മുങ്ങി മരിച്ചവന്റെ
നെറുകയിലെ മുറിവാകുക.

വെളുത്തു വിളറുന്ന
മുറിവെന്ത് മുറിവ്?
ഒരു രസവുമില്ല.

ശിശിരം റബരിലക്കടലില്‍
കപ്പലോട്ടിയ ബാല്യവീറ്
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

പച്ചക്കയ്യാലയും
വാള്പ്പയറ്റു പായലും
മുട്ട് പൊട്ടുന്ന വീഴ്ചയും
ചൊമചൊമപ്പന്‍ ചോരയും
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

ഇറക്കിയിട്ട്‌ കാല്മുട്ടൊളിപ്പിച്ച
മഞ്ഞ പാവാടയും തൊങ്ങലും
ആകാശത്തോളം നൂല്‍ വലിയുന്ന
നീല അടിയുടുപ്പും
കമ്മ്യൂണിസ്റ്റ് പച്ചയുടെ നീറ്റലും കൂടി...

നങ്കൂരത്തിന്റെ കനം കൊണ്ടോ
ചിതലിന്റെ അരം കൊണ്ടോ
കപ്പല്‍ മുങ്ങിയതെന്ന് ഓര്‍മ്മയില്ല.