Thursday, November 4, 2010

അടിയൊഴുക്കുകളില്‍ നിന്ന് ചുഴിയിലേയ്ക്കുള്ള പോക്ക് a.k.a ജീവിതയാത്ര

നീ ഒരു പേര് പറയുമെന്നോര്ത്താ
ഞാന്‍ പറയാഞ്ഞത്.
നിന്‍റെ ശബ്ദത്തില്‍ നിന്നും എന്‍റെ പേര്
മുങ്ങിമുങ്ങിപ്പോയ്‌, ഹോയ്‌!

Monday, October 11, 2010

മുന്‍ധാരണകളില്ലായിരുന്നെങ്കില്‍ മഴക്കാലങ്ങളില്‍ വെയില്‍വെട്ടങ്ങളില്‍ പുലര്‍സ്വപ്നങ്ങളില്‍

മഴത്തുമ്പിലിരിക്കുകയാണ് ഒരില,
ആരാരെ പൊഴിക്കുമെന്ന് നോക്കി
നനയുമെന്നോര്ത്ത്
കുളിരുമെന്നോര്ത്ത്
വേനല്‍ വന്നെന്നെ
കൊത്തല്ലേ കൊത്തല്ലേയെന്ന്
കരഞ്ഞുവിളിച്ച്
ഇലത്തുമ്പിലിരിക്കുകയാണ് ഒരു മഴ.

Friday, September 17, 2010

ത!

കണ്ണില്‍ നോക്കിയപ്പോള്‍ ഒരു മഴയിറങ്ങി വരുന്നത് കണ്ടു.
പിന്നെ മഴ ഒരു കുടചൂടുന്നതും
മഴ മഴനനയുന്നതും
മഴ വിസിലൂതുന്നതും
മഴ ഒരു തെറിയാകുന്നതും
മഴ ബസ്‌ തടയുന്നതും
മഴ കഞ്ചാവുബീഡി വലിക്കുന്നതും
മഴ ബാബുരാജിനെപ്പോലെ പാടുന്നതും
മഴ കരള്കീറുന്നയൊച്ചയില്‍ നിലവിളിക്കുന്നതും
മഴ കുട്ടികളെ കോക്രികാട്ടുന്നതും
മഴ കരയുന്നതും...

ഒടുവില്‍ നാട്ടില്നിന്ന് കേട്ടു,
ഇന്നലെ മഴ മരിച്ചു.
ആരും അറിഞ്ഞില്ലത്രേ.

(*ആദ്യമായി ഒരാള്‍ ദൈവത്തെ തെറിപറയുന്നത് കേട്ടത് ഇവിടെനിന്നാണ്. നാട്ടിലെ ഒരേയൊരു അവധൂതന്‍. എന്റെഅ ചെറിയ നാടിന്റെ എതിര്‍ ആത്മന്‍ . ഭഗവാന്‍ ഭക്തരാജ് എന്ന് സ്വയം വിളിക്കും. ഇന്നലെ മരിച്ചു. എണ്പതുകളില്‍ പ്രായം.)

Sunday, September 12, 2010

ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്

നിന്നില്‍ തിളച്ചാവിയായി
പെയ്ത് ഞാന്‍ കെടുത്തും.

മണ്ണിന്‍റെ ഞരമ്പിലിറങ്ങി
നമ്മള്‍ പൂക്കും.

Monday, August 2, 2010

ദൂരം, ആകാശം, ഒരു കിളി, പിന്നെ പ്രളയം

അറിയുന്നു പ്രേമം
മൂര്‍ച്ചയേറിയ
ഒരായുധം പോലെ
അരം തിളക്കി
ചിരിച്ചുകൊണ്ടും
തണുപ്പ്തീര്‍ന്ന
നിലാവേപ്പോലെ
അകലെ നോക്കി
നിന്നുകൊണ്ടും
ത്രസിപ്പിക്കുന്നത്
മനസിനെ,
രക്തം ഇരച്ചുകയറ്റുന്ന
ഞരമ്പിന്റെ അറ്റങ്ങളെ.

ഒരുമ്മയില്‍ എല്ലാ സത്യവും അടങ്ങുന്നു,
പക പോലെയാണ് തീരാത്ത പ്രേമം.

Monday, June 28, 2010

ഐറിസ്‌

പ്രേമം കൊണ്ടാണ്

പഹാഡ്ഗന്ജിലെ

പാവക്കുട്ടിയുടെ കണ്ണ്

നീലയാകുന്നത്....





കണ്ടില്ല,

അറിയാം.

Thursday, April 15, 2010

തരംഗദൈര്‍ഘ്യം

ബ്ലേഡ് പോലെ നിന്റെ ഓര്‍മ്മകള്‍
മനസ്സില്‍ വരയുമ്പോള്‍
മുറിയുന്നു.


നീ ചലിക്കുന്നു, ഞാനും.
നീ മിണ്ടുന്നു, ഞാനും.

ഒടുവില്‍ നിന്റെ ഉമ്മകള്‍ എന്റെ ഉമ്മകളെ
ഏതോ ഒപ്ടിക്കല്‍ഫൈബര്‍ കേബിളിനുള്ളില്‍
പരസ്പരം ചേര്‍ത്ത് പിടിക്കുമ്പോള്‍
ഞാന്‍ കണ്ട ഏറ്റവും നീണ്ട രാത്രി കഴിഞ്ഞു പോകുന്നു.

ഞാന്‍ ഉറങ്ങുന്നു, നീയും.