Friday, November 16, 2012

യാത്ര പോകുമ്പോള്‍

ഒരു മാറാപ്പുകെട്ടുന്നതിന്റെ ഏറ്റവും വലിയ സൗകര്യം അടുക്കിക്കെട്ടെണ്ട എന്നുള്ളതാണ്. എല്ലാം കൂടി വാരിയെടുത്ത് ഒരു മുണ്ടിനുള്ളില്‍ ഇട്ട് ഒരൊറ്റ കെട്ട്. എന്തെല്ലാമാണ് ചുമക്കുന്നതെന്ന് ചുമക്കുന്നവന്‍ പോലും അറിയില്ല.

Tuesday, August 14, 2012

ഉപമകളില്‍ നിന്ന് നിലനില്‍പ്പുകളിലെയ്ക്ക് ഇറങ്ങിനടക്കാം

സൂര്യനെപ്പോലെയെന്നോ
പൂവ് പോലെയെന്നോ
ഒക്കെപ്പറയാം
കത്തിക്കത്തിപ്പടരുന്ന
വിരല്‍നഖങ്ങളെ.
തെറിച്ചുചാടുന്ന വാക്കുകളെ
ചാവാലിപ്പട്ടികളെന്നുപറയാം,
ഓര്‍മ്മകളെ  ഒറ്റക്കൊമ്പുള്ള കുതിരകളെന്നും
തലച്ചോറില്‍ ഇരച്ചുകയറുന്ന രക്തത്തിന്റെ
പൂക്കളങ്ങളെ ചിത്രസൂത്രമെന്നും
ഓരോരോ പേരിട്ടുവിളിക്കാം
ഓരോരോ തരം ധ്യാനങ്ങളെ.
ഇനി ചുണ്ട് ചേര്‍ത്ത് മിഴിപൂട്ടി
മിണ്ടാതൊരു കോണില്‍ പോയി നമുക്ക് ലോകത്തെ കെട്ടിപ്പിടിച്ചിരിക്കാം.

Thursday, July 26, 2012

ധ്യാനജാഗരം

പ്രസവിക്കാറായ ഒരു പെണ്ണിന്‍റെയത്ര സൂക്ഷ്മത മറ്റാര്‍ക്കുമില്ല.
ഓരോരോന്നിലും ജാഗ്രതയാണ്‌.

വെള്ള മുണ്ട് കീറുന്ന ഒച്ച
വക്ക് മടക്കി ഓരോ ചെറുതുന്നലും
കഴുകിമടക്കി വയ്ക്കുന്ന ഓരോരോന്ന്
അടുക്കിക്കെട്ടി ഒരുക്കുന്ന സഞ്ചി
തൊട്ടില്‍പ്പരുവത്തില്‍ കുഴയുള്ള മുറിയുടെ മൂല

ഒന്നും വിട്ടുപോകാതെ പൂരിപ്പിച്ച്
പരീക്ഷയ്ക്കൊരുങ്ങുന്നു.

പാട്ട് കേള്‍ക്കുമ്പോള്‍ നീയും കേള്‍ക്കുന്നോ എന്ന്
മിണ്ടുമ്പോള്‍ നീ മറുപടി പറയുന്നോയെന്ന്
ഉണ്ണുമ്പോള്‍ ഉണ്ണിവയര്‍ നിറയുന്നുവോയെന്ന്
നടക്കുമ്പോള്‍ നീ ചിരിക്കുന്നുവോയെന്ന്
ഇളവെയിലില്‍ നിന്‍റെ കണ്ണുചിമ്മുന്നുവോ എന്നും
ഇങ്ങനെയൊക്കെ ഒന്നിനെത്തന്നെ നിനച്ചിരിക്കുമോ വല്ലവരും?

Monday, July 23, 2012

ഇരട്ടവാലന്‍

പഴയ നോട്ട്ബുക്കുകളില്‍ എപ്പോഴും ഉണ്ടാവും
ധൃതിയില്‍ വലിച്ചുകീറിയെടുത്ത ഒരു താളിന്‍റെ അരിക്.

 കുറേ ആലോചിച്ചാലുംകിട്ടില്ല
എന്ത് കുറിപ്പ്, ആരുടെ മേല്‍വിലാസം, ഏതു കണക്ക്, എന്ന്?

അരികുകളില്‍ വിരലോടിച്ചുനോക്കണം,
ചീന്തിയെടുക്കപ്പെട്ടതിന്റെ ബാക്കിക്കെന്തുഭംഗി.
ഒരു മഷിപ്പേന ചെരിച്ചുപിടിച്ച് ഓടിച്ചുപോയാല്‍
അരികില്‍ പടരുന്ന നിറത്തിനെന്തുഭംഗി.

ഒരു പുതിയ മുറിവ് പോലെ
നനഞ്ഞത്,
ഒരു പഴയ കടലാസ് പോലെ
മഞ്ഞച്ചുപോയത്.

Sunday, July 15, 2012

ഇമ




ആകാശം നോക്കിക്കിടന്ന ഒരു രാത്രി ഒരമ്മ കുഞ്ഞിനോട് പറഞ്ഞു,

അത് ആകാശമാണ്. കണ്ടു കണ്ണ് നിറയ്ക്കുക. അത് അനന്തതയാണ്. ജീവിച്ചുകൊണ്ടേയിരിക്കുക. അത് സ്നേഹമാണ്. അത് മാത്രം വറ്റില്ല. ആകാശം അമ്മയാണ്. അതിനെ പെയ്യാന്‍ വിടുക. നിറയാന്‍ വിടുക.  മഴയെ കുപ്പിയില്‍ അടയ്ക്കണം എന്നോ ചന്ദ്രബിംബത്തെ പതക്കമാക്കി കഴുത്തിലണിയണമെന്നോ വാശി പിടിക്കരുത്. കണ്ണ് തുറന്നു പിടിക്കുക, കാണുക. കണ്ണടച്ചും പിടിക്കുക, കാണുക. 

കുഞ്ഞ് ഉള്ളില്‍ ചെറുതായി കുതിച്ചു. ഒന്ന് മൂളിക്കേട്ടു. പിന്നെ ചുരുണ്ടുമയങ്ങി. ആകാശത്തെ സ്വപ്നം കണ്ടു.

Friday, March 16, 2012

കുഞ്ഞുമുറി

ഇതിനുള്ളിലാണ് ഞാന്‍ കണ്ടിട്ടില്ലാത്ത എന്‍റെ വല്യമ്മ
അപ്പനുള്‍പ്പടെ ജീവിച്ചിരിക്കുന്ന ഏഴും മരിച്ചുപോയ മൂന്നും
കുഞ്ഞുങ്ങളെ പെറ്റിട്ടത്.

എന്നെക്കണ്ടാല്‍ അവരെപ്പോലെയാണത്രേ,
അപ്പന്‍റെ പെങ്ങമ്മാര് പറഞ്ഞിട്ടുണ്ട്.
ബോധം അബോധത്തിനുവഴിമാറുന്ന ഇടവേളകളില്‍ എന്നെക്കണ്ട്
അപ്പനും എന്റമ്മച്ചീ എന്ന് വിളിക്കാറുള്ളതും...

മരിക്കുന്നതിനുമുന്നെ എപ്പോഴോ എടുത്ത ഒരു ഫോട്ടോയിലെ
ചുരുണ്ടമുടിയുള്ള അവശവാര്‍ധക്യം
ഞാന്‍ തന്നെയാണ്, അല്ലായിരിക്കാന്‍ തരമില്ല.

ഞാന്‍ കണ്ണാടിയില്‍ മുഖം നോക്കിയേക്കും,
മുടിയൊന്ന് വിരല്‍കൊണ്ട് കോതിവെച്ച്
തുപ്പല്‍തൊട്ട് ഒന്ന് ചുണ്ടുനനച്ച്
കട്ടിലില്‍ നീണ്ടുകിടക്കും.

കാണാന്‍ ആള്‍ക്കാര്‍ വരാനുണ്ട്.
കണ്ടാലൊരു മെനവേണ്ടേ?

Thursday, March 15, 2012

കാല്പ്പനികം മൂന്നാം അദ്ധ്യായം

നമ്മള്‍ മരിച്ചപ്പോഴും
മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു
മഴ പെയ്തു.
ഇരുട്ടില്‍ കണ്ണ്ചിമ്മാതെ
എത്രയോ നക്ഷത്രങ്ങള്‍
നോക്കി നിന്നു.

എത്ര പതിയെയാണ്
നമ്മള്‍ മരിച്ചത്,
പൂക്കള്‍ അടര്‍ന്ന് വീണത്‌.

എങ്കിലും താളത്തില്‍
മഞ്ഞപ്പൂക്കളെ ഉരുമ്മിയുരുമ്മിയും
മഴയില്‍ ഉമ്മ വെച്ചും
എത്ര അവിശ്വസനീയമായാണ് നമ്മള്‍ മരിച്ചത്.

Saturday, March 3, 2012

ഒറ്റയും പെട്ടയും

നിശബ്ദത കൊണ്ട് മുറിഞ്ഞതെന്നോ
സ്വപ്നത്തിലെയ്ക്ക് പിച്ചവെച്ചതെന്നോ
പെണ്‍കുട്ടിയെന്നോ
ആണ്കുട്ടിയെന്നോ
ഒക്കെ പലതാണ് ചിന്തകളാണ്.

കീശയില്‍ കാശ് കുലുങ്ങാത്തത്
വേഗത്തില്‍ ഓടാത്തത്‌
വേദനിച്ചിരിക്കുന്നത്
വേദനിച്ചു ചിരിക്കുന്നത്
എന്നിങ്ങനെ കടംകഥകള്‍ പലതാണ്
ഉത്തരം ഒരേയോരൊന്നും
അതിന്റെ ഒറ്റയും.

Monday, February 13, 2012

തലയ്ക്കുമീതെ

ഒരു ദിവസം നോക്കിയപ്പോഴുണ്ട്
മഞ്ഞച്ചിരിക്കുന്ന ആകാശം
മഞ്ഞക്കടല്‍
മഞ്ഞ മണല്‍
കാണുന്നതെല്ലാം പീതം.
പീതാംബരം.

പാഠത്തില്‍ നാനാര്ത്ഥം.
യൂട്യൂബില്‍ കോള്‍ഡ്‌ പ്ലേ.
(അന്തരീക്ഷത്തില്‍ ചെന്താമര
വെണ്ടുരുത്തിയില്‍ കുന്തിരിക്കം
എന്ന താളത്തില്‍))))) വായിക്കുക)

ഫ്ലൂറസന്റ് ലൈറ്റ്‌ കത്തിച്ചുട്
ക്യുബിക്കിള്‍ പോലെ
കണ്ണിലെല്ലാം ഒരെക്കിള്‍
വെള്ളംകുടിപ്പിക്കുന്നു.

ഒന്നിച്ച്
രണ്ടുപാട്ടും പാടിത്തുടങ്ങി
“തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി”
“തലയ്ക്കുമീതെ താരഗണങ്ങള്‍ എണ്ണിത്തീര്ക്കാനമോ”
“ദാഹജലം തരുമോ?”
നീയും ഞാനും അതിലും വിശേഷമോ?”
“ചിന്തിച്ചുനോക്കൂ”
വേഴാമ്പല്‍ ഞാന്‍”


You just unplugged a device from the audio jack

കണ്ണടച്ചിരുട്ടാക്കാമിനി മഞ്ഞക്കിളീ,
ബൂം!

ഹോര്ലിക്സ് കുപ്പി

നോക്ക്
ഇളകുന്ന കണ്ടോ
കണ്ണടയ്ക്കില്ലേ
വാ തുറക്കുന്നു
വെശന്നുകാണും
ചോറ് തിന്നുമോ
വെളുത്ത് പോയോ
മലര്ന്നു പോയോ
അയ്യോ!

Saturday, February 11, 2012

നെഹ്‌റു മെമ്മോറിയല്‍

വൈകിയാണെത്തിയത്,
നഗരത്തെ പറ്റിയാണ് സെമിനാര്‍.
ഇറങ്ങിയപ്പോള്‍ ആകെയുള്ള ചിന്ത
ഉച്ചക്ക് ഇനി ചോറ് വയ്ക്കണ്ടല്ലോ.
എന്തായാലും പതിനൊന്നരയ്ക്ക് എത്തി.
ആദ്യത്തെ ചായഇടവേള കഴിഞ്ഞിരുന്നു,
കയറിയപ്പോള്‍ മുഖത്ത്
ചിന്തിച്ചുവശംകെട്ട കാലുഷ്യം വരച്ചു.

ഒരു സീറ്റ് പോലുമില്ലല്ലോ,
ആഹ, ദാ അങ്ങ് ദൂരെ കോണിലായി ഒരു സീറ്റ്.
ഭാഗ്യം!
കണ്ണടയില്ലായിരുന്നെങ്കില്‍ ഗൌരവം തൂക്കിവാങ്ങേണ്ടിവന്നേനെ.
നോട്ടുബുക്കെടുത്ത്‌
ഇടയ്ക്കിടെ സംസാരിക്കുന്ന മുഖത്ത് നോക്കി
ചേരുംപടി തലകുലുക്കിചേര്‍ത്ത്
ചിത്രം വരച്ചു.

എന്താ ഒരു നാറ്റം?
ഹോ, നാറ്റം തന്നെ.
മൂത്രമോ?
അടുത്തിരിക്കുന്ന കണ്ണാടിക്കാരന്‍ ഉറക്കമാണ്.
കക്ഷം പൊക്കി ചൊറിയുന്നു,
നാറുന്നു.
ഒന്ന് പാളിനോക്കിയപ്പോള്‍ ഉറക്കത്തില്‍ ചൊറിയുന്നയാളെ കണ്ടു.
തെറ്റില്ലാത്ത കുപ്പായം.
പനിപിടിച്ചപോലെ കുറുകുന്നു.

ലെക്ചര്‍ ശ്രദ്ധിച്ചുനോക്കാം,
"Indian American Diaspora Identities..."

ഛെ, ചര്‍ദ്ദിക്കാന്‍ വരുന്നു,
അപ്പുറത്ത് ഒരു കിളവന്‍,
അയാളുടെ മേല്‍ ചായുന്നുണ്ട് ഇയാള്‍,
കിളവന്‍. വിളറിയിരിക്കുന്നു
സീറ്റ് ഒഴിഞ്ഞു കിടന്നത് വെറുതെയല്ല.
സമയം പന്ദ്രണ്ട്,
അത്രേ ആയുള്ളൂ?
ഒന്നരയ്ക്കാണ് ഊണ്.

കെട്ടിയെടുക്കണ്ടായിരുന്നു,
ചോറ് വെച്ചാമതിയായിരുന്നു.

മുടിയൊക്കെ ചീകി വെച്ചിട്ടുണ്ട്,
കണ്ണടയുണ്ട്, അതിനൊരുകാലില്ല.
ഉറക്കത്തില്‍ കണ്ണടയുടെ പാതി ഒരു കണ്ണിലും മറ്റേപാതി ഒരു കവിളിലുമായിട്ടുണ്ട്,
ഷൂസുണ്ട്,
ഒന്ന് കുളിച്ചിട്ടുവന്നൂടെ?


As a discussant, I am extremely overwhelmed to move this session to the second speaker, XXYY with her paper "Engendering the City"

നാറ്റം.
മൂത്രത്തിന്റെ,
വിയര്‍പ്പിന്റെ,
ചെളിയുടെ,
ശരീരത്തിന്റെ.

തല ചുറ്റുന്നുണ്ടോ?
ആരുംകാണാതെ മൂക്ക് പൊത്താന്‍ ശ്രമിച്ചു,
കൈയ്യിലെ വിന്റര്‍ക്രീമിന്റെ മണം.
ലോലമൃദുലചര്‍മ്മകാന്തിമണം!
ആഞ്ഞാഞ്ഞുശ്വസിച്ച് ശ്വാസം തട്ടി കണ്ണടയില്‍ മഞ്ഞുമൂടി.
ബോധം മറയുന്നതാണോ?
കണ്ണടയില്‍ മൂടല്‍ മാറി.
നാറ്റം.
പന്ദ്രണ്ടര.
ഒരു മണിക്കൂര്‍ കൂടി.
ഇവര്ക്കൊന്നു നിറുത്തരുതോ?

എന്താ ഈ പറയുന്നത്?

the proposal was to remove undesirable elements from the vicinity of the city....

മുന്നില്‍ മൈക്ക് ഉണ്ട്.
എണീറ്റ്‌ നില്ക്കാന്‍ തോന്നി.
"He is bloody undesirable,please remove him!!"
വിളിച്ചു കൂവാന്‍ തോന്നി.
ഒന്ന് പത്ത്
ഏതുനിമിഷവും ചര്‍ദ്ദിക്കാം
ഇറങ്ങിയോടി.


Ladies

മുഖം കഴുകി
വീണ്ടും മുഖം കഴുകി
അറപ്പ് കഴുകി
അവജ്ഞ കഴുകി
ദേഷ്യം കഴുകി
തുടച്ചു.


എല്ലാവരും കഴിച്ചുകഴിയാറായെന്നു തോന്നുന്നു
കടായ് പനീര്‍, മട്ടര്‍ മഷ്രൂം, ലച്ച പറോട്ട, പുലാവ്,ബൂന്ദി റായ്ത,ഗാജര്‍ കാ ഹല്‍വ
വിശപ്പേ!
രണ്ടുഗ്ലാസ് വെള്ളവും.

ഹോ, തുടങ്ങി.
ഇവിടെയൊരു സീറ്റുണ്ട്,
അയാളെവിടെ?
ഉച്ചകഴിഞ്ഞു കയറിയില്ലേ പോലും?
ആ പോട്ടെ!

Post Lunch Session
Partition Memories and the City.

Sunday, February 5, 2012

അനധികൃതം

വേദനയില്ലാത്ത ചില ശസ്ത്രക്രിയകളുണ്ട്
മുഖത്തുനിന്നും ചിരി എടുത്തുകളയുക,
ഉറക്കത്തില്‍നിന്നും സ്വപ്‌നങ്ങള്‍ എടുത്തുകളയുക
എന്നിങ്ങനെ

ആശുപത്രിയുടെ പിന്നാമ്പുറമൊന്നുകാണണം
കുമിഞ്ഞുകൂടിക്കിടക്കുന്നു
ലക്ഷക്കണക്കിന് ചിരികള്‍
കോടാനുകോടി സ്വപ്‌നങ്ങള്‍
സ്വപ്നത്തിലെ ചിരികള്‍
ചിരികളിലെ സ്വപ്‌നങ്ങള്‍

നീക്കം ചെയ്തയുടന്‍ കരിച്ചുകളയേണ്ടവയാണ്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ അനാസ്ഥ തന്നെ.