Wednesday, October 28, 2015

വണക്കമാസകാലത്തെ ഒരു പശുപ്പിറവിരാത്രി

കൊന്തയുമെത്തിച്ച് ആളുകള്‍ പിരിഞ്ഞശേഷമാണ് അതുണ്ടായത്.
വീട്ടുകാരന്‍ തിരിച്ചെത്തുന്നതേയുള്ളൂ,
പുഴുക്കും ഇറച്ചിക്കറിയും വേവുന്നതേയുള്ളൂ. 
സന്ധ്യയാകുന്നതേയുള്ളൂ.
രണ്ടാമത്തെ പേറാണെന്നാലും
പേടിയാണ്.
നിക്കാനും മേല, കിടക്കാനും മേല.
പാവം.
തുടങ്ങീന്ന് തോന്നുന്നു.
പെണ്ണായപെണ്ണെല്ലാം എരിഞ്ഞുപൊരിഞ്ഞ് നടപ്പാണ്,
വേവലാതിയാണ്, വിഷമമാണ്,
വലിയ പശുവാണ്‌.
നമ്മളെക്കൊണ്ട് ഒക്കുമോ, അവനെ വിളിയെന്ന് പേടിച്ചിലമ്പലുകള്‍
ചില്ലറക്കേസല്ല.
പശു പിടിച്ചാല്‍ നില്ക്കില്ല, കന്നിപ്പേറൊരു കഥയായിരുന്ന-
തോര്‍ക്കാന്‍ മേല, ഹോ.
പഴന്തുണി കീറുന്നു,
തൊഴുത്ത് കഴുകുന്നു,
ജീപ്പ്‌ വന്നുനില്ക്കുന്നാ-
ശ്വസിക്കുന്നു,
ലുങ്കിയെത്തിക്കുന്നു,
എല്ലാത്തിനുമിടെ “ഇല്ലെടീയില്ലെടീ”യെന്നു പശുവിനെ ഓമനിക്കുന്നു,
കണ്ണുതള്ളുന്ന, പുളയുന്ന പശുവോരോ
പെറ്റ പെണ്ണിന്റെയുമുള്ളിലെ നോവാകുന്നു.
ഈശോയീശോയെന്നിടറുന്ന
മനസുകള്‍ നേര്‍ച്ചനേരുന്നു,
നിത്യസഹായമാതാവിന്,
അന്തോനീസിന്,
സഹദായ്ക്ക്,
നൊന്തുനൊന്ത്
പശുവിനെയോര്‍ത്ത് സമര്‍പ്പിച്ച്
പ്രാര്‍ത്ഥനകളുടെ മാല ആകാശമാര്‍ഗത്തില്‍
നീങ്ങിത്തുടങ്ങിയതും കറന്റ് പോയതും
ദൈവമേയെന്നു വിയര്‍ത്തുള്ളം നിന്നുപോയതും
കൊച്ചേ, ഓടിച്ചെന്നാ ടോര്‍ച്ചെടുക്കാനും
ഹെഡ് ലാമ്പെടുക്കാനും
കുഞ്ഞിപ്പെണ്ണിനെ പായിച്ചതും,
ഉള്ള വെട്ടത്തില്‍ കുഞ്ഞിന്റെ തല കാണാം,
പശുവിനെ തൊടുന്നു, തഴുകുന്നു,
പ്രാര്‍ത്ഥനയുടെ മൂര്‍ധന്യത്തിലൊരിടി വെട്ടുന്നു,
അമറുന്ന പശുവിനെ ചേര്‍ത്തുപിടിക്കുന്നു,
“ഇല്ലെടീയില്ലെടീ” പേച്ചുകള്‍.
തലയിറങ്ങുന്നുണ്ട്, പശു തളര്‍ന്നുപോകുന്നുണ്ട്,
ചോരയും ചാണകവും വഴുക്കുന്ന തൊഴുത്തിന്റെ തറയില്‍
നിലകിട്ടാതെ മനുഷ്യന്‍ വെപ്രാളപ്പെടുന്നുണ്ട്,
ക്ടാവിന്റെ പിടലിക്ക് വലിച്ചെടുക്കാന്‍ നോക്കുന്നുണ്ട്,
കിതച്ചണച്ച് നിന്നുപോകുന്നുണ്ട്,
നേര്‍ച്ചനേരുന്നുണ്ട്,
മുന്‍കാലുകള്‍ കൂടിയിറങ്ങിയപ്പോള്‍
ആഞ്ഞാഞ്ഞുവലിക്കുന്നുണ്ട്,
ശ്വാസം നിലച്ചുപോയ പെറ്റപെണ്‍വയറുകളുണ്ട്,
നോവിന്റെ പടിക്കെട്ടുകളിറങ്ങിയ ഓര്‍മ്മയറകളില്‍
ലേബര്‍റൂമുകളില്‍
നൈറ്റികളില്‍,
പിന്നിമടക്കിക്കെട്ടിയ മുടിയി-
ലുലാത്തലില്‍,
നോവിന്റെ പാരമ്യങ്ങളുയര്‍ച്ച താഴ്ചകളില്‍
ബോധമബോധ നിമിഷാര്‍ദ്ധനിര്‍വൃതികളില്‍
തൊണ്ടകാറുന്ന നിലവിളിയോര്‍മ്മകളില്‍
പശുവും പെണ്ണുങ്ങളും
ആഞ്ഞുമുക്കിയൊരൊറ്റവീര്‍പ്പില്‍
കഴിഞ്ഞു, സുഖം, പ്രസവം.
പെണ്ണ്.