Wednesday, October 28, 2009

ഉണങ്ങിയ ചില്ലകള്‍ തീയില്‍ ഇടുക; ശ്വാസത്തില്‍ മഞ്ഞുകാലം മണക്കുന്നു.

ഓ, തിളച്ചു മറിയുന്നതിനെത്രമേല്‍ പ്രേമം,
കുശുമ്പ്,
നിന്നെ മൂടുന്ന പുതപ്പിനെ
ഞെരിച്ചു ഞെരിച്ചു കൈ കുഴഞ്ഞപ്പോള്‍
വീണ്ടും ഇതെത്ര മേല്‍ എത്ര മേല്‍ അന്പ്.

ഞാന്‍ പൂത്തു മറിഞ്ഞതും
കൊഴിഞ്ഞാര്‍ത്തു ചിരിച്ചതും
വീണു കരിഞ്ഞതും
വസന്ത കാലത്തിന്റെ താളം,
തട്ടിപ്പ്.

ഇത് മരങ്ങള്‍ ബോണ്‍ ഫയറിനു ചുറ്റും ചേര്‍ന്നിരുന്ന്
പുകവലിക്കും കാലം.

Wednesday, September 2, 2009

ആ മരം ഈ മരം

നിന്റെ മയക്ക മറുലോകങ്ങളറിയാതെ,
പടര്‍ന്നു കയറുന്ന വിഷങ്ങള്‍
നിന്റെ രക്തത്തോട്
പറയുന്ന രഹസ്യങ്ങള്‍ അറിയാതെ,
തണുത്തൊരീ വെളുപ്പിന്റെ
തീക്ഷ്ണ മണങ്ങളില്
വേരിറക്കി,
കട പുഴകാതെയും
കടലെടുക്കാതെയും
നിവര്‍ന്നു നില്‍ക്കുന്നു ഞാന്‍;

ചില്ലകള്‍ തോറും നുണ പറഞ്ഞു നടക്കുന്ന കാറ്റിനെ
ചെവിക്കു നുള്ളി വഴക്ക് പറഞ്ഞ്
ഇറക്കി വിട്ടു കൊണ്ടും,
ഇലകളെ ഉമ്മകളാക്കി
അടര്‍ത്തി ഉണക്കി
സൂക്ഷിച്ചു കൊണ്ടും..

ഒരു തൂവല്‍ കൂടി കരിയുന്നു; ഒരു രാവിരുട്ടി വെളുക്കുന്നു.

ഓരോ രാ മണി മുഴക്കത്തിലും
തുളഞ്ഞിറങ്ങുന്ന
തുരുമ്പിച്ച കത്തി പോലെ
വേദനക്കോടി വര്‍ഷങ്ങള്‍.

'പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത'*
നിലയറിയാ താഴ്ചകള്‍ ഏതെല്ലാം?

സഹന പരിധികള്ക്കപ്പുറം
മൊഴി മാറ്റി
നീ നാടുകടത്തിയ
പീഡകള് ഏതെല്ലാം?

നിന്റെ ശ്വാസം ഇനി എതുവാ-
ക്കേതു വാക്കോതുമെന്നോര്ത്ത്
അര്‍ത്ഥ ബോധത്തിന്റെ
ഘന തമസ്സില്‍ ഉടക്കിയെന്റെ
ചിറകു കരിഞ്ഞു ദുര്‍ഗന്ധം പരക്കുന്നു.

*ഒരു പാട്ട്, ഒരു വരി, ഒരു ജീവിതം.

Friday, July 3, 2009

തനിച്ച്

മുങ്ങി മരിക്കണമെന്നാശിച്ച
നീല ജലാശയം
എന്നെ പ്രതിഫലിപ്പിച്ചു.
പടിയിറങ്ങുന്ന നേരം ലാഭിച്ച്
ഞാന്‍ വഴുതിവീണു.
കണ്ണില്‍ അപ്പോള്‍ ജലാശയമായിരുന്നു.
ആഴങ്ങളിലേയ്ക്ക് ഇറങ്ങിയപ്പോള്‍
എവിടെ വെച്ചാണ്
ഞാന്‍ ഉഭയജീവി ആയത്‌?
ഞെട്ടാതുണര്ന്നപ്പോള്‍
മെല്ലെ കണ്‍ തുറന്നപ്പോള്‍
ഞാന്‍ തനിച്ചായിരുന്നു.
മീനുകള്‍ ചുംബിച്ച പോല്‍
കാല്‍ വിരലുകളില്‍ മൃദു സ്പര്‍ശമായത്
മിന്നാമിനുങ്ങുകള്‍ ആയിരുന്നു.

പനി

വാക്കുകളുടെ എണ്ണത്താല്‍
ആഴം അളക്കാവുന്നതല്ല അര്‍ഥം.
ചില ശബ്ദങ്ങള്‍...
തീരെ ചെറിയ ചില ശബ്ദങ്ങള്‍,
ഒരു കൊച്ചു ചുമ,
അല്ലെങ്ങിലൊരു നിശ്വാസം.
മതി.
ദീര്‍ഘ വാചകങ്ങള്‍ക്ക് ഇല്ലാത്തതാണ്
ചുമയുടെ സംവേദനത്വം.
ചുമയുടെ ഭാഷ.
ശബ്ദം ഉയര്‍ത്താതെ,
അലോസരപ്പെടുതാതുള്ള
ചെറു ചുമകളുടെ കരുതല്‍.

ആദിയില്‍ ആദ്യം ഉണ്ടായത്
ദൈവവചനം അല്ല.
സമുദ്ര സൃഷ്ടിക്കായി
നിര്‍ത്താതെ പെയ്ത മഴ
മുഴുവന്‍ നനഞ്ഞ
വികൃതി കുട്ടി ദൈവത്തിന്റെ
പനി പിടിച്ച കൊച്ചു ചുമ!

Monday, April 27, 2009

ദാനിയേല്‍ 13

എന്റെ മുറിയില്‍ ഇപ്പോള്‍ ഉറങ്ങുന്നുണ്ട് സൂസന്ന.
ഉടുപ്പോരല്‍പ്പം ഉയര്‍ന്ന്,
എറുമ്പ് രോമങ്ങള്‍ സന്കീര്‍ത്തനം വായിക്കുന്ന
ചെറിയ മെലിഞ്ഞ കാലുകള്‍.
അവളുടെ ചുരുണ്ടു ചുരുണ്ട മുടി.
നെറ്റിയില്‍ ടൈഗര്‍ ബാം പൊള്ളിയ ചതുരങ്ങള്‍.
മുഖത്തോട് ചേര്‍ന്ന വിരല്‍
എപ്പോള്‍ വായില്‍ വെയ്ക്കുമോ എന്തോ?
ഉറങ്ങുന്നതു കണ്ടാല്‍ പാവം എന്നല്ലാതെ എന്ത് തോന്നാന്‍?


സമുദ്രങ്ങളുടെ മുഴക്കം പ്രാവിന്റെ കുറുകല്‍ ആക്കി
സൂസന്നാ,
നീ എന്നാണു ജലമായി മാറുന്നത്?

നിന്റെ ഒഴുക്കുകളില്‍ ചെറിയ പട്ടണങ്ങള്‍
ഒലിച്ചു പോകുന്നതെന്നാണ്?
നഗരങ്ങളുടെ അരികുകളെ നിന്‍റെ
തിരയുടെ അരം കൊണ്ട്
മൂര്‍ച്ച കൂട്ടി എടുക്കുന്നതെന്നാണ്?
ഭൂമിയുടെ അതിരുകളില്‍ വെച്ച് നീ ശരീരം
പറവകള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് എന്നാണ്?

നീ ഇല്ലാതാവുന്നതും എല്ലാമാവുന്നതും എന്നാണ്?മിന്നലില്‍ സവാരി ചെയ്യുന്നവരേ,
നാട്ടു ചന്തയില്‍ ഉദ്ഘോഷിക്കരുതേ...
ഒന്നുറങ്ങാന്‍ വന്നതല്ലേ ഇവിടെ,
ഉറങ്ങിക്കോട്ടെ.

Saturday, March 7, 2009

ഒരു മീന്‍ ആകുന്നത്...

ഗര്‍ഭ ജലം വാര്‍ന്നു കഴിഞ്ഞ്
ഉള്ളില്‍ കുടുങ്ങിപ്പോയ കുഞ്ഞാകുന്നത്...

സഹിക്കാന്‍ കഴിയാത്ത ശ്വാസം മുട്ടല്‍
എല്ലാവരേയും പുറത്ത് എത്തിക്കുന്നു.

ജലത്തെ ഒഴുക്കായി അറിയുന്നത്...

ഒരിക്കലും വാര്‍ന്നു പോകാത്ത
ഒഴുക്കുകള്‍ എവിടെയാണ്?
ഒരിക്കലും വറ്റാത്ത മുലകള്‍,
ചൂട് മാറാത്ത മടിത്തട്ട്..
അമ്മയുടെ മടിയിലെ മീന്‍കുഞ്ഞായിരുന്നത് എത്ര പണ്ടാണ്?

എപ്പോഴും
തിരിച്ചു പോകാന്‍ തോന്നിപ്പിക്കുന്ന
ഒരിടമേ ഉള്ളൂ ഭൂമിയില്‍.
അവിടെ ചൂടെന്നോ തണുപ്പെന്നോ
ഓര്‍മയില്ല.
സുഖമായിരുന്നു.
അമ്മ വലിയ ഒരു സുഖവാസകേന്ദ്രം തന്നെ ആയിരുന്നു.
രണ്ടു ദിവസം നോവെടുപ്പിച്ചു ചോര വാര്‍പ്പിച്ചു
നിങ്ങളെ ചാകാറാക്കിയത്
അവിടെ തന്നെ ഇരിക്കാനുള്ള കൊതികൊണ്ടായിരുന്നു.
മീന്‍ ആകാനുള്ള കൊതി.
കരയണ്ട കരയണ്ട എന്ന് വെച്ചപ്പോഴാണ് ഡോക്ടര്‍ കൈയ്യില്‍ നുള്ളിയത്.
എന്റെ ചെകിളകള്‍ കൈകളായി മാറിയ നടുക്കത്തില്‍ ആണ്
ഞാന്‍ നിലവിളിച്ചത്.


ഒരിക്കലും പുഴേ,
ഞാനില്ല തര്ക്കുത്തരത്തിന് .
നീന്താന്‍ ഞാന്‍ പഠിക്കുകയേ ഇല്ല.
അമ്മ കടിഞ്ഞൂല്‍ കനത്തില്‍
മുലപ്പാല്‍ തന്നപ്പോഴേ
തീരുമാനിച്ചതാ ഞാന്‍,
മീന്‍ കുഞ്ഞാവണം.
നീന്താന്‍ പഠിക്കില്ല ഞാന്‍.
ചെകിള മുളച്ചു വാല് ഇളകി അങ്ങനെ വരും ഒരു ദിവസം.
നോക്കി നോക്കി ഇരുന്നോ...

Tuesday, March 3, 2009

ഒരു വേനലില്‍ നിന്ന് ഒരു ഇല അടര്‍ന്ന് നടക്കാനിറങ്ങുന്നു.

ഒരു വഴിയില്‍ നമ്മള്‍
ഒന്നിച്ചു നടക്കുമ്പോള്‍
നിശബ്ദതയ്ക്കെന്തൊരു മുഴക്കം!
നമ്മള്‍ നമ്മളായി മാറുന്ന ഒച്ച.

എന്റെ നിഴലിനെ നിന്റെ
നിഴല്‍ കൊണ്ടളക്കുമ്പോ
നമ്മള്‍ പരസ്പരം രണ്ടു ഭൂപട രേഖകളാകുന്നു.
മുറിയുന്നു,
വഴിയൊരു ഭൂപടമാകുന്നു.
ചോര ചിന്താതെ മുറിയുന്ന രഹസ്യം അറിയുന്നു.

Sunday, February 15, 2009

പുളിച്ചു തികട്ടല്‍

ഓരോ പ്രണയ ദിനത്തിനും ഒടുക്കം
അതിന്റെ ജഡം
ഇങ്ങനെ ചത്തു പൊന്തി നടക്കുന്നത്
കാണാന്‍ എന്ത് ഭംഗി.
ഇല്ലാത്ത ചുവപ്പെടുത്ത്
ബലൂണില്‍ തേച്ചു വീര്‍പ്പിച്ചാല്‍
അതിനെ ഹൃദയം എന്ന് വിളിക്കാന്‍
ഇച്ചിരെ പുളിക്കും.
ആ വേല കയ്യിലിരിക്കട്ടെ.

Saturday, February 14, 2009

മീന്‍കറി കോട്ടയം സ്റ്റൈല്‍

നീ വായ തുറന്ന് വെച്ചു ഉറങ്ങിയപ്പോള്‍ ഇറങ്ങിപ്പോയ മീനുകള്‍ ചെകിളയിലെ നിറം എണ്ണി പണയം വെച്ചു ഇവിടെ കടം വാങ്ങി കൂട്ടുകയാണ്.
ശല്യങ്ങള്‍.
എനിക്ക് ഇവിടെ ജീവിക്കാന്‍ വയ്യാതായിരിക്കുന്നു.

വേണെങ്കി വന്ന് അതുങ്ങളെ എല്ലാം പിടിച്ചു കൊണ്ടു പോയ്ക്കോണം.
മുളകരച്ചു പിരട്ടി കുടംപുളി ഇട്ടു കറി വെച്ചു കളയും പറഞ്ഞേക്കാം.

നമ്മള്‍ ഉമ്മകള്‍ കൊണ്ടു മുറിച്ചു കടന്ന സമുദ്രങ്ങളില്‍ ഒറ്റയ്ക്ക് മുങ്ങി ചാവുകയാണ്.

Friday, February 13, 2009

ആകാശ മോക്ഷത്തിന്റെ വാതില്‍

കൊച്ചുന്നാള് മുതല്‍ ഉള്ളൊരു
സംശയമാരുന്നു,
ആകാശ മോക്ഷത്തിന്റെ
വാതില്‍ ഇതെവിടാണെന്ന്?
കുരിശുവര മൊത്തം ഉറക്കം തൂങ്ങി
'അത്യന്ത വിരക്ത' വരെ കേള്‍ക്കും.
നീതിയുടെ ദര്‍പ്പണം കാണാതെ
ബോധജ്ഞാനതിന്റെ സിംഹാസനം കാണാതെ
ദാവീദിന്റെ കോട്ട കാണാതെ
വാഗ്ദാന പേടകം വരെ മയങ്ങും.
ഒടുക്കം ആകാശ മോക്ഷത്തില്‍
ഞെട്ടി പിടഞ്ഞു എണീറ്റ്‌ നോക്കുമ്പോ
ഒരു പിടിയും കിട്ടില്ല.
ആകാശ മോക്ഷത്തിന്റെ വാതിലേ...

ഒന്നാമത്തെ വീട്ടില്‍ വെച്ചു
വിചാരിച്ചു
നാലായി തുറക്കുന്നൊരു
നീല വാതിലാണതെന്ന്.
രണ്ടാമത്തെ വീടിന്റെ
ഒറ്റപ്പൊളി വാതില്‍
പിന്നെയും സംശയിപ്പിച്ചു.
ആനവാതില്‍ കാട്ടി അമ്പരപ്പിച്ച്
കത്തീഡ്റലും ചെറു പള്ളികളും.
രണ്ടായി വേര്‍പെട്ട് അകത്തേക്ക്
തുറക്കുന്ന ഹോസ്റ്റല്‍ വാതില്‍
കിര് കിരാന്നു കരഞ്ഞു പറഞ്ഞപ്പോള്‍
സത്യായിട്ടും ഓര്ത്തു പോയി
ഇതു തന്നെയാണതെന്ന്.

ഒടുക്കം
നീ കാവല്‍ നില്ക്കുന്ന
പ്രാചീന ഗന്ധങ്ങള്‍
പച്ച മങ്ങാത്ത തോലുരിഞ്ഞിട്ട്‌
നിന്റെ കണ്ണ് വെട്ടിച്ച്
ആകാശത്തേയ്ക്കൊളി സഞ്ചരിച്ചപ്പോ
ഞാന്‍ എന്റെ രണ്ടു കണ്ണാലെ കണ്ടു
ആകാശ മോക്ഷ വാതില്‍.
വെക്കം തുറന്ന്
എല്ലാ ഗന്ധവും
വലിച്ചെടുത്ത്‌
ഊക്കിലടയുന്ന വാതില്‍.

ഗണിതം

ഒന്നില്‍ നിന്ന് ഒന്ന്
അടര്‍ത്തി മാറ്റുമ്പോള്‍
വില കിട്ടുന്നു.


ഉത്തരത്തിന് അടിയില്‍
നീ വന്ന്
രണ്ടു വര വരച്ചിട്.

വാലന്റൈന്‍

ഇതിനിടെ കഴുകാനെത്ര പാത്രങ്ങള്‍, വൃത്തിയാകാന്‍ എന്റെ മുറി...

നീ അറിയുന്നുണ്ടാവുമോ,പഴയ കത്തുകള്‍ വരികള്‍ക്കിടയില്‍ മുറിവുകള്‍ വരയുമ്പോള്‍ അടുപ്പില്‍ തിളച്ചു തൂവി പോയതൊക്കെയും പ്രണയമായിരുന്നെന്ന്?

Thursday, February 12, 2009

കളിക്കുടുക്ക

.

കയ്യെത്തി പിടിക്കുമ്പോള്‍ വഴുതി പോകുന്ന മനസിനെ കുടുക്കാനുള്ള ചൂണ്ടലില്‍ കൊരുക്കാനൊരു മണ്ണിര ഇല്ലാത്തതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

ഇതല്ല ഇതല്ല...

മാങ്ങാത്തൊലി, ചൊരയ്ക്കാക്കുരു, ആനപ്പിണ്ടം,
ഛെ,
കുന്തം പോയി, കുടത്തില്‍ തപ്പ്.

Thursday, February 5, 2009

വിശേഷാല്‍ പതിപ്പ്

തേരോട്ടങ്ങളുടെ ഓര്മ്മ
ചരിത്ര നിശ്വാസങ്ങളുടെ ഓര്മ്മ

മറവിയുടെ ഭൂപടത്തില്‍
മുന്നോട്ടു മുന്നോട്ട്
നിസ്സഹായ പെരുവഴിച്ച്ചാട്ടയുടെ ഓര്മ്മ

പ്രാണ ഞരമ്പിനെ പിളര്‍ത്തി
ചിരിയും തമാശയും നുണഞ്ഞെടുക്കേണ്ട
ഗതികേടുകളുടെ ഓര്മ്മ

അധികാരത്തിന്റെ
ഒടുങ്ങാത്ത സൂക്ഷ്മ ദൃഷ്ടികളുടെ
ചോദ്യം ചെയ്യലുകളുടെ
നുണ പരിശോധനകളുടെ
നഗരം.

Thursday, January 29, 2009

സന്കീര്‍ത്തനം മുതല്‍ വിധി ന്യായം വരെ...

ആരീ വെള്ളച്ച്ചാട്ടങ്ങളെ
നിരന്തരം കെട്ടഴിച്ചു വിടുന്നു?

സമാധാനത്തിന്റെ കണക്കെടുപ്പ് അടുക്കും തോറും
എന്റെ ആധി ആരറിയാന്‍?
തകര്‍ന്ന പാലങ്ങളുടെ മുഖവടിവില്‍
എന്നേ ചേര്‍ക്കപ്പെട്ടു ഞാന്‍.

എല്ലാ വെള്ളച്ചാട്ടങ്ങളും നിന്റെ മീതെ കടന്നു പോകുന്നു
നിന്നെ നനയ്ക്കാതെ കടന്നു പോകുന്നു
എന്നെ തകര്‍ത്ത്‌ കടന്നു പോകുന്നു

Wednesday, January 28, 2009

ശിശിരം

അത്ഭുത കാന്തമേ
തണുപ്പില്‍
കരിയാന്‍ മടിക്കുന്ന
മുറിവാണ് ഞാന്‍.
രക്തത്തില്‍ നിന്നെ
മുക്കിക്കൊന്ന്
നിന്റെ പേര് അനശ്വരമാക്കട്ടെ?

Tuesday, January 27, 2009

ഫ്ലൈ ഓവര്‍

ആരെന്നും എന്തെന്നും
നിനക്കൊരു ചുക്കും അറിയാന്‍ മേലാത്ത
ആരാണ്ടൊക്കെ ഇരിക്കുന്ന വണ്ടികളെ
ഈ ദുരിതമേല്‍പ്പാലം കേറ്റി വിടാനല്ലാതെ
ഇത്ര ചിരിക്കാന്‍ മാത്രം നിനക്കെന്തറിയാം
കുടുക്ക് പാലമേ...

Friday, January 23, 2009

മഞ്ഞ

ഒരു ഇല കൊഴിയുന്നതിന്റെ
നിശബ്ദതയാണത്.

കാറ്റില്‍ ഉലഞ്ഞു
ഉതിര്‍ന്നു പോകലുകള്‍.

നീയൊരു ഇലയായിരുന്നെന്ങില്‍
ഞാന്‍ അതിന്റെ ഞരമ്പില്‍
കുടുങ്ങിക്കിടന്നേനെ.

Wednesday, January 21, 2009

പലായനം

ഒരു കുഞ്ഞു പൂവ് പ്രസവിച്ചതാണീ
മുഴുവന്‍ വസന്തത്തെ.

കൂരിരുട്ടിന്റെ തൊട്ടിലില്‍
വിരല്‍ നുണഞ്ഞുരങ്ങുമ്പോള്
പ്രപഞ്ചമേ, ഞാന്‍ നീയാണ്.

Thursday, January 15, 2009

ഏറ്റവും ചെറിയ അപകടങ്ങള്‍

ഒന്ന്:

ഇപ്പോഴും എല്ലാ ഞായറാഴ്ചയും
ആ പഴഞ്ചന്‍ നഗരത്തില്‍
വെളുപ്പിന്
പ്രാവിന്കാഷ്ടം മണക്കുന്ന
കുര്‍ബാനകള്‍ നടക്കുന്നുണ്ടാവും.

ഇത്ര കണിശമായി ജീവിക്കുന്ന മറ്റൊരു നഗരമില്ല.


രണ്ട് :

ഈ നഗരം എന്തൊരു ആഴം,
ഞാന്‍ ഇതില്‍ മുങ്ങി മരിക്കുകയാണ്.

മറൈന്‍ ഡ്രൈവില്‍ നിന്നും സൌത്തിലെയ്ക്ക് ഒരു ബൈക്ക് പായുമ്പോള്‍ ലോകം അറിയാതെ പോകുന്ന ചില ലോക കാര്യങ്ങള്‍.

സൌത്ത് പാലം,
മുല്ല പൂക്കള്‍,
നിറം കോരിയിട്ട സാരി,
ചിരി, നടപ്പ്,
എല്ലാം നിനക്കു ബിംബങ്ങളാണ്‌.
വൈകുന്നേരം
എല്ലാം നിന്നെ വേദനിപ്പിക്കുന്നു,
നിന്നിലെ പച്ചച്ച നീലച്ച മഞ്ഞച്ച മനുഷ്യന്‍
ചങ്ക് പൊട്ടി
വിങ്ങി വീര്‍ത്തു വശക്കേടായി...
ഒന്നും പറയണ്ട...ഹൊ!

ഒടുവില്‍
നശിച്ച പാതിരകളില്‍
അടുത്ത്
വാ പൊളിച്ചു കിടക്കുന്നവനെ
കുലുക്കി ഉണര്‍ത്തി
'എടാ, നമുക്കു പെണ്ണ് പിടിക്കാന്‍ പോകാം'
എന്ന് പറയിപ്പിക്കുന്നത് എന്താണ് ?
മനുഷ്യ സ്നേഹികളെ ഒരെണ്ണത്തിനെയേലും
വിശ്വസിക്കാവോ? പറ!