Friday, February 13, 2009

ആകാശ മോക്ഷത്തിന്റെ വാതില്‍

കൊച്ചുന്നാള് മുതല്‍ ഉള്ളൊരു
സംശയമാരുന്നു,
ആകാശ മോക്ഷത്തിന്റെ
വാതില്‍ ഇതെവിടാണെന്ന്?
കുരിശുവര മൊത്തം ഉറക്കം തൂങ്ങി
'അത്യന്ത വിരക്ത' വരെ കേള്‍ക്കും.
നീതിയുടെ ദര്‍പ്പണം കാണാതെ
ബോധജ്ഞാനതിന്റെ സിംഹാസനം കാണാതെ
ദാവീദിന്റെ കോട്ട കാണാതെ
വാഗ്ദാന പേടകം വരെ മയങ്ങും.
ഒടുക്കം ആകാശ മോക്ഷത്തില്‍
ഞെട്ടി പിടഞ്ഞു എണീറ്റ്‌ നോക്കുമ്പോ
ഒരു പിടിയും കിട്ടില്ല.
ആകാശ മോക്ഷത്തിന്റെ വാതിലേ...

ഒന്നാമത്തെ വീട്ടില്‍ വെച്ചു
വിചാരിച്ചു
നാലായി തുറക്കുന്നൊരു
നീല വാതിലാണതെന്ന്.
രണ്ടാമത്തെ വീടിന്റെ
ഒറ്റപ്പൊളി വാതില്‍
പിന്നെയും സംശയിപ്പിച്ചു.
ആനവാതില്‍ കാട്ടി അമ്പരപ്പിച്ച്
കത്തീഡ്റലും ചെറു പള്ളികളും.
രണ്ടായി വേര്‍പെട്ട് അകത്തേക്ക്
തുറക്കുന്ന ഹോസ്റ്റല്‍ വാതില്‍
കിര് കിരാന്നു കരഞ്ഞു പറഞ്ഞപ്പോള്‍
സത്യായിട്ടും ഓര്ത്തു പോയി
ഇതു തന്നെയാണതെന്ന്.

ഒടുക്കം
നീ കാവല്‍ നില്ക്കുന്ന
പ്രാചീന ഗന്ധങ്ങള്‍
പച്ച മങ്ങാത്ത തോലുരിഞ്ഞിട്ട്‌
നിന്റെ കണ്ണ് വെട്ടിച്ച്
ആകാശത്തേയ്ക്കൊളി സഞ്ചരിച്ചപ്പോ
ഞാന്‍ എന്റെ രണ്ടു കണ്ണാലെ കണ്ടു
ആകാശ മോക്ഷ വാതില്‍.
വെക്കം തുറന്ന്
എല്ലാ ഗന്ധവും
വലിച്ചെടുത്ത്‌
ഊക്കിലടയുന്ന വാതില്‍.