Thursday, January 8, 2015

തുടരും

നടന്നുപോകുമ്പോള്‍ പെട്ടെന്ന് വഴി തീര്‍ന്നുപോവുകയാണെന്ന് കരുതുക. നിങ്ങള്‍ എന്തുചെയ്യും എന്നാണെന്‍റെ ചോദ്യം.

ഉദാഹരണത്തിന് ഇക്കഴിഞ്ഞദിവസം കേന്ദ്രകഥാപാത്രം ജര്‍മ്മനിയിലെ  തണുത്തുമരവിച്ച ഒരു കൊച്ചുപട്ടണത്തില്‍ അവനവനെ ഡീഫ്രോസ്റ്റ് ചെയ്യാന്‍ വെച്ച് കുത്തിയിരിക്കുകയായിരുന്നു. ഇടയ്ക്കിടെ തൂവിയ മഴ ഇത് സത്യത്തില്‍ ഏറ്റുമാനൂര്‍-കുറുപ്പന്തറ ഭാഗത്തുള്ള ഏതോ കവലയില്‍ നിന്ന് പടര്‍ന്നുകേറിപ്പോയ ഇടവഴിയല്ലേ എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിച്ചു. 

വേസ്റ്റ് കളയാനാണ് പോയത്. അരക്കിലോ മത്തി മേടിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇഞ്ചിക്കും വെളുത്തുള്ളിക്കുമൊപ്പം ഒരു പകുതി തക്കാളിയും ഇച്ചിരെ കടുകും കൂടി ചേര്‍ത്ത് അരച്ച് ഒരു പരിപാടിയുണ്ട്. വീടിനുവെളിയില്‍ പക്ഷെ ആരെയും കണ്ടില്ല. കുറച്ചപ്പുറത്തുനിന്നും മീന്‍കാരന്റെ കൂവല്‍ കേട്ടു. അയാളുടെ കൂവല്‍ ഇടയ്ക്കിടെ അകന്നും ഇടയ്ക്കിടെ അടുത്തും വന്നപ്പോഴേ വീട്ടിനകത്തുകയറി വാതിലടച്ച് വല്ല മുട്ടയോ മറ്റോ പുഴുങ്ങിത്തിന്നണ്ടതായിരുന്നു.  രണ്ടു ചുവടുനടന്നാല്‍ കിട്ടുമല്ലോ മാരീചമത്തി എന്നായിരുന്നു മനസ്സില്‍. 

പൂക്കള്‍ സമൃദ്ധമായി വിടര്‍ന്നുനിന്നിരുന്നു. ജര്‍മ്മനിയല്ലേ, കൊടും ശൈത്യമല്ലെ എന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല. ഒരു തിരിവ്‌ കടന്നതും ഓടിട്ട ഒരു കെട്ടിടം, കടുംമജന്ത നിറത്തില്‍ ബോഗന്‍വില്ല പൂത്തുമറിഞ്ഞുകിടന്നിരുന്നു. വാതില്‍ക്കല്‍ ഇരുന്ന ചേട്ടനും ഒരു പൂത്തുമറിഞ്ഞ ഭാവം. 
പിന്നെയാണ്  പോര്‍ട്ടിക്കോ മാത്രം വാര്‍ത്ത തൊട്ടടുത്ത ഓടിട്ട വീട്ടിലെ ജനലിനരികില്‍ നിന്ന് കപ്പ വെന്തുവരുന്ന മണം കുമുകുമാന്ന് പുറത്തുവന്നുതുടങ്ങിയത്. അവിടെയുള്ള ചേച്ചിയാണെങ്കില്‍ തണുപ്പുവകവയ്ക്കാതെ ജനലൊക്കെ തുറന്നിട്ട്‌ അതിവേഗത്തില്‍ ഇറച്ചി ഒരുക്കുകയാണ്. കോഴിയുടെ തൊലി ഒരു കുഞ്ഞിന്റെ മൂത്രത്തുണി പൊക്കിനോക്കുന്ന അതേ മുഖഭാവത്തോടെ ഒരു വശത്ത് നിന്നും വിടര്‍ത്തിനോക്കുന്നു. കുറച്ചറപ്പ്, കൂടുതല്‍ ശ്രദ്ധ, അതിലും കൂടുതല്‍ സ്നേഹം എന്നതാണ് രീതി. വിട്ടുപോരുന്നുണ്ട്. അവരുടെ  മേശപ്പുറത്ത്
രണ്ടുതാറാവുകളുണ്ടായിരുന്നു. ആടിയാടിവന്ന് നടുവിലെ ഗ്ലാസില്‍ നിന്ന് 
ചോരപോലെ ചുവന്ന വെള്ളം കുടിക്കുന്നവര്‍. ഇടയ്ക്കൊന്ന് ഉടക്കിയപ്പോള്‍ കത്തി മെല്ലെ ചെരിച്ച് അവര്‍ ഒന്ന് തട്ടിവിട്ടു. തൊലിയുടെ ഒരറ്റത്ത് പിടിച്ച് അവര്‍ ഒരു വലി വലിച്ചതും ഉരിഞ്ഞിങ്ങുപോന്നു. സന്തോഷം കൊണ്ട് അവര്‍ ഒന്ന് "ഹാ!" വെച്ചു. പുറത്തുനിന്നയാളും "ഹാ!" വെച്ചു.

അത്രയുമായപ്പോഴാണ് അവര്‍ എന്നെ ശ്രദ്ധിച്ചത്. 
അവര്‍ ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍  മുന്നിലെ വഴി തീര്‍ന്നുപോയി. 

ചുണ്ടിനോട് ചേര്‍ന്ന് മൂര്‍ച്ചമുറ്റിയ ഒരു കത്തി മിനുങ്ങിമാറിയപ്പോഴാണ്  ചാര്‍ജ് തീര്‍ന്നുപോയത്. അടുത്ത എപ്പിസോഡില്‍  രക്ഷപെടുമോ കൊല്ലപ്പെടുമോ എന്നുപോലും അറിയില്ല. മുഖം അടര്‍ന്നു പൊഴിയുന്നതുപോലെ ഒരു തോന്നലുണ്ട്‌. വഴിയാണെങ്കില്‍ കാണുന്നുമില്ല. മീന്‍കാരന്റെ കൂവല്‍ മാത്രം എവിടെനിന്നോ കേള്‍ക്കാം. മൊത്തം ഒരു മഞ്ഞ നിറമാണ്.