വഴി വിളക്കെ ,
നിന്നോടെനിക്കു പ്രണയമില്ല .
ഞാന്‍ വെളിച്ചം തേടി നടന്നു
ചില്ലില്‍ തലയിടിച്ചു ചാകുന്ന
ഈയാം പാറ്റയല്ല .
നീ മുനിഞ്ഞു കത്തിയിട്ട്
എണ്ണ തീരുമ്പോള്‍ കരിന്തിരിയാകണം .
ഞാന്‍ സൂരൃനിലേയ്ക്ക് പറക്കട്ടെ .
നീ വഴിയില്‍ എരിയുന്ന
മോഹന ദീപമാകുമ്പോള്‍
ഞാന്‍ മുറിയടച്ചു വാതില്‍ തഴുതിട്ട്
ഒറ്റയ്ക്ക് തപസ്സിരിക്കട്ടെ .
അല്ലെങ്കില്‍,
നീ യോഗ്യത തെളിയിക്ക് .
ഒരിക്കലുമണയാതെ തെളിഞ്ഞു കാട്ടു .
ശ്വാസമെടുക്കാതെ ജീവിച്ചു കാട്ടു .
വഴിവിളക്കെ , നിന്നോട് സഹതപിക്കട്ടെ ഞാന്‍ .
എന്റെ ചിറകുകള്‍ , നിന്റെ ചുവട്ടിലെരിഞ്ഞ
ആയിരം പാററച്ചിറകുകളുമായി ചേരില്ല .
വഴി വിളക്കെ , പാവം വഴി വിളക്കെ ,
നിന്റെ ഇത്തിരി വെട്ടത്തിന്റെ
കള്ളക്കുടുക്ക് ഞാന്‍ പൊട്ടിച്ചെറിയും .
നിന്നോട് ഹൃദയം നിറയെ സഹതാപമാണ് .